ചെര്‍ക്കള – കല്ലടുക്ക റോഡില്‍ നിയന്ത്രണങ്ങളോടെ ഗതാഗതം പുനസ്ഥാപിച്ചു.

112

കാസറഗോഡ്: കനത്തമഴയില്‍ മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ട ചെര്‍ക്കള – കല്ലടുക്ക സംസ്ഥാന പാതയിലെ കരിമ്പലയില്‍ നിയന്ത്രണങ്ങളോടെ ഒരുവശത്തുകൂടി വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കുന്നതിന് ജില്ലാകളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ അധ്യക്ഷതിയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം നടത്തിയത്.

നിലവില്‍ ചരക്കുവാഹനങ്ങള്‍ക്കുളള ഗതാഗത നിരോധനം തുടരും. ബസുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും ഇരുന്ന് ഇതുവഴി യാത്രചെയ്യാം. എന്നാല്‍ മറ്റുയാത്രക്കാര്‍ കാല്‍നടയായി മറുവശത്തേക്ക് പോകണം. ഗതാഗത നിയന്ത്രണത്തിന് പോലീസിനേയും റീജിനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെയും ചുമതലപ്പെടുത്തി. രാവിലെ 7 മുതല്‍ രാത്രി 7 മണിവരെയാണ് ഇതുവഴി ബസ് ഗതാഗതം അനുവദിച്ചിട്ടുളളത്. ചെറുവാഹനങ്ങള്‍ ഉള്‍പ്പെടെയുളള വാഹനങ്ങള്‍ വേഗതകുറച്ച് കടന്നുപോകണം.

മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പഠനത്തിന് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിലെ വിദഗ്ധരുടെ സേവനം ആവശ്യപ്പെടുന്നതിന് തീരുമാനിച്ചു. ശക്തമായ മഴ തുടര്‍ന്നാല്‍ ഇതുവഴിയുളള ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ ശ്രീകാന്ത് ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, എ.ഡി.എം., എന്‍. ദേവിദാസ,് പൊതുമരാമത്ത് റോഡ്‌സ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വിനോദ്കുമാര്‍, സീനിയര്‍ ജിയോളജിസ്റ്റ് വി. ദിവാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS