റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കു നേരെ കേന്ദ്രസര്‍ക്കാര്‍ മുഖംതിരിഞ്ഞു നില്‍ക്കുകയാണെന്ന് എ.കെ ആന്റണി

211

ന്യൂഡല്‍ഹി : റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കു നേരെ കേന്ദ്രസര്‍ക്കാര്‍ മുഖംതിരിഞ്ഞു നില്‍ക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഇന്ദിരാ ഗാന്ധി ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് സംരക്ഷണമൊരുക്കിയത് ചൂണ്ടിക്കാട്ടിയാണ് ആന്റണിയുടെ വിമര്‍ശനം. സഹായം തേടിയെത്തിയ നാല്‍പ്പതിനായിരത്തിലധികം റോഹിങ്ക്യകളെയാണ് സര്‍ക്കാര്‍ പുറത്താക്കിയതെന്നും ആന്റണി പറഞ്ഞു. എഴുപതുകളില്‍ ഒരു കോടിയിലധികം അഭയാര്‍ഥികളാണ് ബംഗ്ലദേശില്‍നിന്ന് ഇന്ത്യയിലേക്ക് എത്തിയത്, അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി യുഎസ് സേനയെ പോലും എതിര്‍ത്ത് അവരെ സംരക്ഷിച്ചു. അവര്‍ക്ക് പ്രത്യേകമൊരു രാജ്യം ലഭിക്കാന്‍ യുദ്ധത്തിനു പോലും അവര്‍ തയാറായെന്നും ആന്റണി പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ബഹുസ്വരതയും ആവിഷ്കാര സ്വാതന്ത്ര്യവും ആക്രമിക്കപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളതെന്നും, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍, സിനിമ കാണാന്‍, പുസ്തകമെഴുതാന്‍ ഒന്നിനുമുള്ള സ്വാതന്ത്ര്യം ഇന്നില്ലെന്നും, വര്‍ഷങ്ങളായി നിലനിന്നിരുന്ന ആചാരങ്ങളും ഭീഷണി നേരിടുകയാണെന്നും, സംവാദത്തിനും ചര്‍ച്ചയ്ക്കുമുള്ള സംസ്കാരം പോലും ഇന്ത്യയില്‍ നഷ്ടപ്പെടുന്നെന്നും, ഇന്നത്തെ സാഹചര്യത്തില്‍ ഒരാള്‍ക്കും പേടികൂടാതെ സ്വന്തം ആശയം പ്രചരിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നും ആന്റണി വ്യക്തമാക്കി.

NO COMMENTS