വന്ദനാ ദാസിന്‍റെ കൊലപാതകം ; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാൻ ഒരുങ്ങുന്നു ക്രൈം ബ്രാഞ്ച്

13

ഡോ. വന്ദനാ ദാസിന്‍റെ കൊലപാതകത്തില്‍ ജയിലില്‍ കഴിയുന്ന പ്രതി സന്ദീപിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈം ബ്രാഞ്ച് സംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.

കൊട്ടാരക്കര കോടതിയിലാണ് അപേക്ഷ സമര്‍പ്പിക്കുക. സംഭവ ദിവസത്തെ സിസിടിവി ദ്യശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക്കുകളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കും. കേസില്‍ നിര്‍ണായകമാകുന്ന ദൃശ്യങ്ങളാണ് കോടതിയില്‍ സമര്‍പ്പിക്കുക. സംഭവത്തെ കുറിച്ച്‌ ആരോഗ്യവകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവിക്കും ആരോഗ്യ ഡയറക്ടര്‍ക്കും ഇന്ന് സമര്‍പ്പിക്കും.

പുലര്‍ച്ചെ ആശുപത്രിയിലെത്തിയ സന്ദീപ് വന്ദനാ ദാസിനെ കുത്തി കൊലപ്പെടുത്തുന്നതിന് മുമ്ബുള്ള ദൃശ്യങ്ങളാണ് ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചത്. കൊലപാതകം നടന്ന ദിവസവും തലേ ദിവസവും പ്രതിയായ സന്ദീപിനെ കണ്ടവരില്‍നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു

ജയിലില്‍ കഴിയുന്ന സന്ദീപിന് മാനസിക രോഗം ഇല്ലെന്ന റിപ്പോര്‍ട്ട് കേസിലെ പ്രധാന വഴിത്തിരിവാകുമെന്നും മാരകമായ ലഹരി വസ്തുക്കള്‍ പ്രതി ഉപയോഗിച്ചിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എഡിജിപി എം ആര്‍ അജിത്കുമാര്‍ എല്ലാദിവസവും ഓണ്‍ലൈനില്‍ യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്. ഐജി സ്പര്‍ജന്‍കുമാര്‍, ഡിഐജി ആര്‍ നിശാന്തിനി, എസ്പി എം എന്‍ സുനില്‍, അഡീഷണല്‍ എസ്പി സന്തോഷ്കുമാര്‍ എന്നിവരുടെ മേല്‍ നോട്ടത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

NO COMMENTS

LEAVE A REPLY