ന്യൂനപക്ഷ സ്‌കോളർഷിപ്പ് നൽകാൻ രണ്ട് കോളേജുകൾക്ക് കമ്മീഷന്റെ നിർദ്ദേശം

115

തൃശൂർ : അർഹതയുണ്ടായിട്ടും ന്യൂനപക്ഷ സ്‌കോളർഷിപ്പ് ലഭിച്ചില്ലെന്ന പരാതിയിൽ സ്‌കോളർഷിപ്പ് നൽകാൻ രണ്ട് കോളേജുകൾക്ക് ന്യൂനപക്ഷ കമ്മീഷന്റെ ഉത്തരവ്. കോതമംഗലം ഇന്ദിരഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ്, ചീരാട്ടുമല അൽസലാമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ചർ എന്നിവയുടെ പ്രിൻസിപ്പൽമാരോടാണ് തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ കമ്മീഷൻ ഉത്തരവിട്ടത്. ഇരിങ്ങപ്പുറം പുത്തൻപളളി സ്വദേശി തമന്ന ദിലീപ്, ഗുരുവായൂർ തെരുവത്ത് വീട്ടിൽ ടി വി അസ്‌ന അഷ്‌റഫ് എന്നിവരുടെ പരാതിയിന്മേലാണ് കമ്മീഷൻ അംഗം അഡ്വ. ടി വി മുഹമ്മദ് ഫൈസൽ ഉത്തരവിട്ടത്.

ശ്മശാനത്തിന് ഭൂമി വിട്ടു നൽകണമെന്ന പാസ്റ്റർ സി ഒ ഡേവിസിന്റെ പരാതിയിൽ അരണാട്ടുകര വില്ലേജിലെ പുറമ്പോക്ക് ഭൂമി നൽകാൻ തയ്യാറാണെന്ന് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. ഇതിന്റെ തുടർപരിശോധനകൾക്ക് തൃശൂർ കോർപ്പറേഷൻ അധികൃതർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
ജില്ലാ ആശുപത്രിയിലെ നാല് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ തസ്തികളിലെ ഒഴിവുകൾ നികത്താത്തത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.

സർട്ടിഫിക്കറ്റ് പരിശോധന കഴിഞ്ഞിട്ടും ടൂറിസം വകുപ്പിലെ നിലവിലെ ഒഴിവിൽ നിയമന നടപടികൾ നടക്കാത്തത് കാണിച്ച് തൃശൂർ സ്വദേശി അയന ദാസ് നൽകിയ പരാതിയിൽ നടപടി ത്വരിതപ്പെടുത്താൻ കമ്മീഷൻ നിർദ്ദേശിച്ചു. ഒല്ലൂക്കരയിൽ ശ്മശാനഭൂമി വേണമെന്ന് ആവശ്യപ്പെട്ട് പി ബാബു മാത്യു നൽകിയ പരാതിയിൽ വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

സിറ്റിങ്ങിൽ 31 കേസുകൾ പരിഗണിച്ചു. 21 പരാതിക്കാർ ഹാജരായി. തീർപ്പാക്കാത്ത പരാതികൾ സെപ്റ്റംബർ 26 ൽ നടക്കാനിരിക്കുന്ന സിറ്റിങ്ങിൽ പരിഹരിക്കും. അന്ന് പുതിയ പരാതികൾ സ്വീകരിക്കും.

NO COMMENTS