ദില്ലി: ബാബറി മസ്ജിദ് ഗൂഡാലോചന കേസിൽ എൽ.കെ.അദ്വാനി, മുരളി മനോഹര്‍ജി, ഉമാഭാരതി ഉൾപ്പടെയുള്ളവര്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. ബാബറി കേസിലെ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. അദ്വാനിക്കെതിരായ ഗൂഢാലോചന കുറ്റം നിലനില്‍ക്കും എന്ന് പറഞ്ഞ കോടതി രണ്ട് കൊല്ലത്തിനുള്ളില്‍ കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. അദ്വാനി അടക്കം 16 പേര്‍ക്കെതിരെ ബാബറി മസ്ജിത്ത് പൊളിച്ചതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇതാണ് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി അംഗീകരിച്ചു. ഇതിനോടൊപ്പം തന്നെ ബാബറി മസ്ജിദ് ആക്രണ കേസും, ഗൂഡാലോചന കേസും ഒരു കോടതിയിലേക്ക് മാറ്റിയും സുപ്രീംകോടതി ഉത്തരവിട്ടു. നിലവിൽ ബാബറി മസ്ജിദ് ആക്രമണ കേസ് ഉത്തര്‍പ്രദേശിലെ റായ്ബറേലി കോടതിയിലും ഗൂഡാലോചന കേസ് ലക്നൗ കോടതിയിലുമാണ് നടക്കുന്നത്. കേസിൽ വിചാരണ നേരിടാൻ തയ്യാറാണെന്ന് അദ്വാനിയും മുരളി മനോഹര് ജോഷിയും സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. അലഹാബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയത് ബി.ജെ.പിയെ സംബന്ധിച്ച അത് തിരിച്ചടിയാകും. അതേസമയം അയോദ്ധ്യ വിഷയം ഈ കേസിന്‍റെ പേരിൽ വരും ദിവസങ്ങളിൽ ചര്‍ച്ചചെയ്യപ്പെടും എന്നത് ബി.ജെ.പിയെ സംബന്ധിച്ച രാഷ്ട്രീയമായി ഗുണവുമാണ്.