ന്യൂഡല്‍ഹി • ഗുജറാത്തില്‍ ഹോമിയോപ്പതി കോളജ് അനുവദിക്കുന്നതിന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച ഹോമിയോപ്പതി കേന്ദ്ര കൗണ്‍സില്‍ പ്രസിഡന്റും ഇടനിലക്കാരനും പിടിയില്‍. ഹോമിയോപ്പതി കേന്ദ്ര കൗണ്‍സില്‍ പ്രസിഡന്റ് രാംജി സിങ്, ഇടനിലക്കാരനെന്നു സംശയിക്കുന്ന ഹരിശങ്കര്‍ ഝാ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. മഹിപാല്‍പുരില്‍ ഹോട്ടല്‍ നടത്തുന്ന ഹരിശങ്കര്‍ ഝാ 20 ലക്ഷം രൂപ കൈപ്പറ്റുമ്ബോള്‍ പിടിയിലാകുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് രാംജി സിങ്ങിനുവേണ്ടിയാണ് കൈക്കൂലി വാങ്ങിയതെന്നു പറഞ്ഞത്. തുടര്‍ന്നു സിങ്ങും അറസ്റ്റിലായി. ഇരുവരെയും സിബിഐ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കി.