കൊടുംചൂടില്‍ കുടിക്കാനും – നിലനില്‍പ്പിനും – ഒരു തുള്ളി വെള്ളം തരാൻ കഴിയാത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് – തങ്ങൾക്ക് ജീവിതം അവസാനിപ്പിക്കാന്‍ അനുമതി ആവശ്യപ്പെട്ട് – ഒരു കുടുംബം.

177

ആഗ്ര: കൊടുംചൂടില്‍ കുടിക്കാന്‍ ഒരു തുള്ളി ശുദ്ധജലമില്ലാത്ത ഹത്രാസ് ഗ്രാമത്തിലെ കുടുംബം തങ്ങള്‍ക്ക് ജീവന്‍ അവസാനിപ്പിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ” തങ്ങളുടെ നിലനില്‍പ്പിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാല്‍ ജീവിതം അവസാനിപ്പിക്കാന്‍ അനുമതി തേടിയാണ് കത്ത്. എംബിഎക്കാരനായ ചന്ദ്രപാല്‍ സിംഗാണ് മോദിക്ക് കത്തെഴുതിയിരിക്കുന്നത്. വീട്ടില്‍ കുടിവെള്ള പൈപ്പ് കണക്ഷന് പണമുണ്ടാക്കാനായി മാസങ്ങള്‍ക്ക് മുന്‍പ് റിപ്പബ്ലിക്ക് ദിനത്തില്‍ സ്വന്തം ശരീരം ലേലത്തിന് ഇദ്ദേഹം വെച്ചിരുന്നു. എന്നാല്‍ പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചതിനാല്‍ ഈ പ്രതിഷേധം നടത്താന്‍ ആയില്ല.

കത്തിന് പുറമേ ഹസായന്‍ ബ്ലോക്കിലെ നാഗ്ലമായയിലെ താമസക്കാരനായ ചന്ദ്രപാല്‍ ഒരു വീഡിയോയും പങ്കു വെച്ചിരിക്കുന്നു. വീഡിയോയില്‍ അദ്ദേഹത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഇനിയും തങ്ങള്‍ക്ക് ഉപ്പ് കലര്‍ന്ന വെള്ളം കുടിക്കാനാകില്ലെന്നും അതിനാല്‍ മരിക്കാന്‍ അനുവാദം നല്‍കണമെന്നും ആവശ്യപ്പെടുന്നു. സ്വാതന്ത്ര്യം ലഭിച്ച്‌ 72 വര്‍ഷത്തിന് ശേഷവും കുടിവെള്ളത്തിനായി കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ചന്ദ്രപാല്‍ വീഡിയോയില്‍ പറയുന്നു. ദിവസവും വേദന അനുഭവിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ പ്രശ്‌നം ഞങ്ങള്‍ അനുഭവിക്കുന്നു. ആരും ഇത് പരിഹരിക്കാന്‍ ശ്രമിക്കുന്നില്ല. വീഡിയോ ക്ലിപ്പില്‍ ചന്ദ്രപാല്‍ പറയുന്നു.

ശുദ്ധജലം ലഭിക്കാന്‍ ദിവസവും മൂന്ന് കിലോമീറ്റര്‍ വരെ ഞങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടി വരുന്നു. അതും ഈ 45 ഡിഗ്രി ചൂടില്‍. ആര്‍ക്കും ഞങ്ങളുടെ പ്രശ്‌നം മനസ്സിലാകില്ല. ഞങ്ങള്‍ കുടിക്കുന്ന വെള്ളത്തിന്റെ ഒരു സിപ്പ് പോലും ഭരണാധികാരികള്‍ക്ക് കുടിക്കാനാകില്ല. ഞങ്ങളുടെ കുട്ടികളും ഇതേ വെള്ളം തന്നെയാണ് ഉപയോഗിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹത്രാസിലെ 150 ഗ്രാമങ്ങളിലായി മൂന്ന് ലക്ഷത്തിലധികമാളുകള്‍ കുടിവെള്ള പ്രശ്‌നം നേരിടുന്നതായി ഇവര്‍ അവകാശപ്പെടുന്നു. തങ്ങളുടെ പ്രശ്‌നത്തെ കുറിച്ച്‌ ജില്ലാ മജിസ്‌ട്രേറ്റ് മുതല്‍ ഇന്ത്യന്‍ പ്രസിഡന്റിന് വരെ നിരവധി തവണ പരാതി നല്‍കിയതായി അവര്‍ പറയുന്നു. പക്ഷേ പ്രശ്‌നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.

സീനിയര്‍ ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സിക്കന്ദ്ര റാവുവുമായും രാംജി മിശ്രയുമായും ബന്ധപ്പെട്ടപ്പോള്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും മാതൃക പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് നിരവധി പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതെന്നും പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

NO COMMENTS