ഇസ്‍ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍ നിരോധനം : കോടതിയെ സമീപിക്കുമെന്ന് സാക്കിര്‍ നായിക്

212

മുംബൈ • ഇസ്‍ലാമിക് റിസര്‍ച് ഫൗണ്ടേഷനെ (ഐആര്‍എഫ്) നിരോധിച്ച നടപടി കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് സാക്കിര്‍ നായിക്. തനിക്കെതിരായ അന്വേഷണങ്ങളില്‍ എന്‍ഐഎയുമായി പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരും ബന്ധപ്പെടുകയോ നോട്ടിസ് അയയ്ക്കുകയോ ചെയ്തിട്ടില്ല. തനിക്കും തന്റെ സംഘടനയ്ക്കുമെതിരായ നടപടികള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും സാക്കിര്‍ നായിക് ആരോപിച്ചു. വിദേശത്തുനിന്ന് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ ഇ-മെയില്‍ അഭിമുഖത്തിലാണ് സാക്കിര്‍ നായിക്കിന്റെ പ്രതികരണം. ഐആര്‍എഫില്‍ അനധികൃത പണമിടപാടുകള്‍ നടന്നിട്ടില്ല. സംഘടനയുടെ അക്കൗണ്ടില്‍ നിന്നു കണ്ടെത്തിയെന്നു പറയുന്ന 47 കോടി രൂപ തന്റെ ദുബായിലെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് മുംബൈയിലെ അക്കൗണ്ടിലേക്ക് ആറു വര്‍ഷത്തിനുള്ളില്‍ നിയമാനുസൃതമായി അയച്ച പണമാണ്. സാമ്ബത്തിക പ്രയാസം നേരിടുന്ന കുടുംബാംഗങ്ങള്‍ക്ക് കടം നല്‍കാനും സുഹൃത്തുക്കള്‍ക്ക് പാരിതോഷികം നല്‍കാനും മറ്റുമാണ് ആ തുക ഉപയോഗിച്ചത്. ഐആര്‍എഫിന് 15 വര്‍ഷത്തിനുള്ളില്‍ വിദേശത്തു നിന്നു ലഭിച്ചത് 14 കോടി രൂപയാണെന്നും അതിന്റെ രേഖകളെല്ലാം അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും സാക്കിര്‍ നായിക് പറഞ്ഞു.