സാക്കീര്‍ നായിക്കിനെതിരെ എന്‍.ഐ.എ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

185

മുംബൈ: ഇസ്ലാമിക പ്രഭാഷകന്‍ സാക്കീര്‍ നായിക്കിനെതിരായ എഫ്.ഐ.ആര്‍ എന്‍.ഐ.എ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. സെക്ഷന്‍ 153എ, യു.എ.പിഎ നിയമം എന്നിവ പ്രകാരം വെള്ളിയാഴ്ച വൈകിട്ടാണ് കേസെടുത്തിരിക്കുന്നതെന്ന് ഒരു ദേശീയ ഇംഗ്ലീഷ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമവിരുദ്ധമായ പ്രവര്‍ത്തനം, പ്രമകാപനപരമായ പ്രസംഗം വഴി രാജ്യത്തെ വിവിധ മത സംഘടനകള്‍ തമ്മില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്താന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ സാക്കീറിന്‍റെ മുംബൈയിലെ ഇസ്ലാമിക് റിസേര്‍ച് ഫൗണ്ടേഷന്‍ (ഐ.ആര്‍.എഫ്) കേന്ദ്രങ്ങളിലും എന്‍.ഐ.എ സംഘം പരിശോധന നടത്തി. പത്തോളം കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടത്തിയത്. ഐ.ആര്‍.എഫ് നിയമവിരുദ്ധമായ സംഘടനയാണെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഐ.ആര്‍.എഫിനും അംഗങ്ങള്‍ക്കുമെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങഴിലായി ഇതിനകം ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐ.ആര്‍.എഫ് അംഗം ആര്‍ഷി ഖുറേഷിക്കെതിരെയാണ് ഇതില്‍ കൂടുതല്‍ കേസുകളും. യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട്ചെയ്യാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് കേസ്. സമാനമായ കേസ് പാലാരിവട്ടം പോലീസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.