എന്ത് ചെയ്തിട്ടാണ് താന്‍ തീവ്രവാദിയായതെന്ന് കേന്ദ്രസര്‍ക്കാരിനോട് സാക്കിര്‍ നായിക്

181

ദുബായ്: എന്ത് ചെയ്തിട്ടാണ് താന്‍ തീവ്രവാദിയായതെന്ന് കേന്ദ്രസര്‍ക്കാരിനോട് വിവാദ മതപ്രചാരകന്‍ സാക്കിര്‍ നായിക്. കേന്ദ്ര സര്‍ക്കാരിനെഴുത്തിയ നാല് പേജുള്ള തുറന്ന കത്തിലാണ് ഇതുള്‍പ്പടെ അഞ്ച് ചോദ്യങ്ങള്‍ സാക്കിര്‍ നായിക് ഉന്നയിക്കുന്നത്.25 വര്‍ഷമായി രാജ്യത്തിനകത്തും പുറത്തും മതപ്രഭാഷണം നടത്തുന്ന താന്‍ എങ്ങനെ ഇപ്പോള്‍ തീവ്രവാദ പ്രഭാഷകനും തീവ്രവാദി ഡോക്ടറുമായി മാറിയെന്ന് കത്തില്‍ സാക്കിര്‍ നായിക് ചോദിക്കുന്നു.
എന്ത് ചെയ്തിട്ടാണ് ഈ തീവ്രവാദി പട്ടം നിങ്ങളെനിക്ക് ചാര്‍ത്തി തന്നത്.150-ലേറെ രാജ്യങ്ങളില്‍ അംഗീകരിപ്പെടുന്ന ഒരു മതപ്രഭാഷകനാണ് ഞാന്‍. എന്നാല്‍ സ്വന്തം നാട്ടില്‍ തീവ്രവാദ പ്രചാരകനായി എന്നെ മുദ്ര കുത്തിയിരിക്കുന്നു.
പലതരം അന്വേഷണങ്ങള്‍ നടത്തിയിട്ടും എന്തെങ്കിലും തരത്തിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ നടത്തിയതായി കണ്ടെത്തുവാന്‍ ഒരു സര്‍ക്കാര്‍ ഏജന്‍സിക്കും സാധിച്ചിട്ടില്ല. പക്ഷേ അന്വേഷണം തുടരണമെന്നാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത് – കത്തില്‍ നായിക് പറയുന്നു.തനിക്കെതിരെ കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ശരിക്കും ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന് പറഞ്ഞ സാക്കിര്‍ നായിക്, ജനാധിപത്യത്തെ കൊല്ലാനും മൗലികാവകാശങ്ങളെ ചവിട്ടി ഞെരിക്കാനുമുള്ള ശ്രമങ്ങളായിരുന്നു അതൊക്കെയെന്നും വിമര്‍ശിക്കുന്നു.ഇത് എന്നെ മാത്രം ലക്ഷ്യം വച്ചുള്ളതല്ല, മറിച്ച്‌ മുഴുവന്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കുമെതിരായ ആക്രമണമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിനും ഇവിടുത്തെ നീതിക്കുമെതിരായ ആക്രമണമാണ്. ഇവിടെ നിലനില്‍ക്കുന്ന ശാന്തിയും സമാധാനവും തകര്‍ക്കാനുള്ള ശ്രമമാണ് -നായിക് പറയുന്നു.
താന്‍ ആളുകളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നുവെന്ന ആരോപണവും കത്തില്‍ സക്കീര്‍ നായിക്ക് തള്ളിക്കളയുന്നു. എന്തുകൊണ്ട് മതപരിവര്‍ത്തനം ചെയ്തവരെ കണ്ടെത്തുവാനോ അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുവാനോ അന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കുന്നില്ലെന്ന് സാക്കിര്‍ നായിക് ചോദിക്കുന്നു.
ഇത്തരമൊരു ആരോപണം ഉയരുമ്ബോള്‍ അതില്‍ ഏറ്റവും പ്രധാനം മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരുടെ വാക്കുകളാണെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ മറന്നു പോയോ സാക്കിര്‍ നായികിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഇസ്ലാമിക് റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ നിരോധിക്കുമെന്ന വാര്‍ത്തകളോടും കടുത്ത ഭാഷയിലാണ് നായിക് കത്തിലൂടെ പ്രതികരിച്ചത്.
തന്നേയും ഇസ്ലാമിക് റിസര്‍ച്ച്‌ ഫൗണ്ടേഷനേയും നിരോധിക്കുവാനുള്ള ശ്രമങ്ങള്‍ സജീവമാണ്, ഒരുപക്ഷേ അത്തരമൊരു നിരോധനമുണ്ടായാല്‍ അതായിരിക്കും ഇന്ത്യന്‍ ജനാധിപത്യത്തിന് സമീപകാലത്തുണ്ടായ ഏറ്റവും വലിയ തിരിച്ചടി. എന്റെ മാത്രം കാര്യമല്ല, ഇന്ത്യയിലെ ഇരുപത് കോടി മുസ്ലീങ്ങളും നേരിടുന്ന അനീതിക്കുള്ള ഏറ്റവും വലിയ തെളിവായിരിക്കും അത്.
തനിക്ക് നേരെയുള്ള ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണെന്നും കുറ്റക്കാരനെന്ന് ബോധ്യപ്പെട്ടാല്‍ ഏത് ശിക്ഷയും സ്വീകരിക്കുമെന്നും സാക്കിര്‍ നായിക് കത്തില്‍ പറയുന്നുണ്ട്.
ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ എനിക്കിപ്പോഴും വിശ്വാസമുണ്ട്. അന്തിമമായി സത്യം തന്നെ ജയിക്കും. എനിക്ക് സര്‍ക്കാരിനോട് പറയാനുള്ളത് ഇത് മാത്രമാണ്, സത്യസന്ധമായി അന്വേഷണം നടത്തുക, സത്യം തിരിച്ചറിഞ്ഞ് ആരോപണങ്ങള്‍ ഉന്നയിക്കുക, വസ്തുതകള്‍ എന്താണെന്ന് മനസിലാക്കുക.

NO COMMENTS

LEAVE A REPLY