ഇന്ത്യയുടെ പ്രതിരോധമേഖല യുഎസിന് തുറന്നുകൊടുത്തു : യച്ചൂരി

246

ന്യൂഡല്‍ഹി • ഇന്ത്യയെ സഖ്യകക്ഷിയാക്കുന്നതും ഇന്ത്യയുടെ പ്രതിരോധ മേഖല നിരീക്ഷണത്തിനും നിയന്ത്രണത്തിനും തുറന്നുകൊടുക്കുന്നതുമാണു യുഎസ് ഇന്ത്യയ്ക്കു നല്‍കിയ ‘പ്രധാന പ്രതിരോധ പങ്കാളി’ എന്ന പദവിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ആരോപിച്ചു.
യുഎസിന് ഏറ്റവും അടുപ്പമുള്ള സഖ്യകക്ഷികള്‍ക്കും പങ്കാളികള്‍ക്കും തുല്യമായ തലത്തിലേക്ക് ഇന്ത്യയെ ഉയര്‍ത്തുന്നതാണു പദവിയെന്നാണു സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നത്. ഇതു പ്രതിരോധ ബന്ധങ്ങളില്‍ കാലങ്ങളായി ഇന്ത്യ സ്വീകരിച്ചിട്ടുള്ള നിലപാടുകളില്‍ നിന്നുള്ള നിര്‍ണായകമായ വ്യതിചലനമാണ്. പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കാതെയാണ് ഇന്ത്യ ഈ മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കുള്ള പുതിയ പദവിയുടെ വിശദാംശങ്ങള്‍ യുഎസ് സര്‍ക്കാര്‍ അവരുടെ സെനറ്റിന്റെ അംഗീകാരത്തിനായി നല്‍കിയിരിക്കുകയാണ്. എന്നാല്‍, സുപ്രധാനമായ ഇടപാടിനെക്കുറിച്ചു പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍പോലും കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല. പുതിയ ഇടപാടിനെക്കുറിച്ചു പ്രതിരോധ മന്ത്രാലയം പ്രഖ്യാപനം നടത്തിയതു പാര്‍ലമെന്റ് സമ്മേളനകാലത്തു തന്നെയെന്നതു ഗുരുതരമായ നടപടിപ്പിഴവാണ്. ഇരുരാജ്യങ്ങളുടെയും സൗകര്യങ്ങള്‍ പങ്കുവയ്ക്കുന്നതു സംബന്ധിച്ച കരാര്‍ (എല്‍ഇഎംഒഎ) പോലും പാര്‍ലമെന്റില്‍ വച്ചിട്ടില്ല. ഈ കരാറിന്റെയും പ്രധാന പ്രതിരോധ പങ്കാളിയെന്ന പദവിയുടെയും വിശദാംശങ്ങള്‍ നടപ്പുസമ്മേളനം അവസാനിക്കുംമുന്‍പു പാര്‍ലമെന്റില്‍ വയ്ക്കണമെന്ന് യച്ചൂരി ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY