അമ്മയുടെ മുൻപിൽ കളിക്കുന്ന കുഞ്ഞിന്റെ ഉള്ളിൽ എപ്പോഴും ഒരു സുരക്ഷിത്വമുണ്ട് – ഇന്ന് ലോക മാതൃദിനം

114

അമ്മയുടെ മുൻപിൽ കളിക്കുന്ന കുഞ്ഞിന്റെ ഉള്ളിൽ എപ്പോഴും ഒരു സുരക്ഷിത്വമുണ്ട് – ഇന്ന് ലോക മാതൃദിനം. അമ്മയുടെ സ്നേഹവും കരുതലും ലോകം നന്ദിയോടെ സ്മരിക്കുന്ന ദിനം.

എല്ലാ മക്കളും ജനിക്കുന്നത് ശുദ്ധ പ്രകൃതിയോടെ, ലോകത്തിലെല്ലാ അമ്മമാരും പ്രസവിച്ച കുഞ്ഞിനെ വെളുത്ത തുണിയിലാണ് ഏറ്റു വാങ്ങുന്നത്. ഓരോ അമ്മമാരും മക്കളെ പ്രസവിക്കുന്നത് കള്ളനും വ്യഭിചാരിയും ചതിയനും മദ്യപാനിയും അക്രമകാരികളായിട്ടല്ല

പ്രളയമുണ്ടായപ്പോള്‍ വെള്ളം ഉയരുന്നതിനനുസരിച്ച് ഒരു മാതാവ് തന്‍റെ കുഞ്ഞിന്‍റെ രക്ഷയ്ക്കായി ഉയര്‍ന്ന സ്ഥലം തേടിയോടി. വെള്ളം അവിടേയുമെത്തി. അവസാനം അവര്‍ മലമുകളില്‍ കയറി. വെള്ളം ഇരച്ചു കയറി. താന്‍ മുഴുവനായും വെള്ളത്തിനടിയിലായപ്പോള്‍ തന്‍റെ പൊന്നോമനയെ കൈകളില്‍ ഉയര്‍ത്തിപ്പിടിച്ചു ആ സ്നേഹ പാത്രമായ മാതാവ്. താന്‍ മരിച്ചാലും തന്‍റെ കുഞ്ഞ് രക്ഷപ്പെടണമെന്ന ആഗ്രഹമാണ് അവരെ അതിന് പ്രേരിപ്പിച്ചത്.

വെന്തുരുകുന്ന ചൂട് കാരണം മാറിലെ പാൽ വറ്റിയ ദയനീയ നിമിഷത്തില്‍ കുഞ്ഞിന്റെ പ്രാണരക്ഷാര്‍ത്ഥം ഒരിറ്റ് ജലത്തിനായി സ്വഫാ മര്‍വ്വ മലകള്‍ക്കിടയില്‍ ഓങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന് മാതൃത്വത്തിന്‍റെ മഹനീയ മാതൃക കാണിച്ചു ചരിത്രത്തിൽ ഇടം നേടിയ ഹാജറ ബീവി(റ). ഖുര്‍ആന്‍ വിശേഷിപ്പിച്ച ലുഖ്മാന്‍(റ) തന്‍റെ മകനോട് സ്വര്‍ഗത്തില്‍ നിന്നെന്തെങ്കിലും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. മകന്‍ അല്‍പനേരത്തിന് ശേഷം ഒരുപിടി മണ്ണുമായി അദ്ദേഹത്തിന്‍റെ അരികില്‍ വന്നു പറഞ്ഞു: ഇത് സ്വര്‍ഗത്തിലെ മണ്ണാണ്. മഹാന്‍ ചോദിച്ചു: എവിടെ നിന്നാണിത്? ഉമ്മയുടെ കാലിന്‍ ചുവട്ടില്‍ നിന്നാണെന്ന് പറഞ്ഞ വിവേകശാലിയായ മകന്‍

മാതാവിന്‍റെ നിര്യാണം നിമിത്തം തോരാത്ത കണ്ണീര്‍ വാര്‍ത്തു കൊണ്ടിരിക്കുന്ന മനുഷ്യനെ നോക്കി എന്താണി ത്ര കരയാന്‍? കണ്ടുനിന്ന ഒരാള്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു: എന്‍റെ സ്വര്‍ഗീയ കവാടങ്ങളിലൊന്ന് അടക്കപ്പെട്ടിട്ട് ഞാനെങ്ങനെ കരയാതിരിക്കും? അവരൊക്കെ അമ്മയെ കണ്ടിരുന്നത് അവരുടെ സ്വര്‍ഗത്തിന്‍റെ കവാടമായിട്ടായിരുന്നു. ആ വാതില്‍ അടക്കപ്പെടുമ്പോള്‍ കരയാതിരിക്കാനാവില്ല.

വളരെ ചെറുപ്പത്തിൽ നാട് വിട്ട് പോയ ബഷീർ ഒരുപാട് നാടുകളിൽ കറങ്ങി അലഞ്ഞതിന് ശേഷം വർഷങ്ങൾ ക്ക് ശേഷം ഒരു രാത്രി വീട്ടിൽ തിരിച്ചെത്തി വാതിൽക്കൽ മുട്ടി ഉമ്മവാതിൽ തുറന്നു. മകനെ കണ്ട ഉടനെ ആ ഉമ്മ ചോദിച്ചു നീ വല്ലതും കഴിച്ചോ ? ബഷീർ പറഞ്ഞു ഇല്ല . നിനക്കുള്ള ഭക്ഷണം ഞാൻ എടുത്തു വച്ചിട്ടുണ്ട്. പോയി എടുത്തു കഴിക്കുക എന്ന്. അത്ഭുതത്തോടെ ഉമ്മയോട് മകൻ ചോദിച്ചു . ഉമ്മ ഞാൻ ഇന്ന് വരുമെന്ന് എങ്ങനെ അറിയാമായിരുന്നു. ഉമ്മ പറഞ്ഞു മോനെ നീ ഈ വീട് വിട്ടു പോയ അന്ന് മുതൽ നിനക്കുള്ള ഭക്ഷണം എടുത്തു വച്ചിട്ടല്ലാതെ ഞാൻ കിടന്നുറങ്ങുകയില്ല.മലയാളത്തിലെ വിശ്വ പ്രസിദ്ധ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമയുടെ അറകൾ എന്ന കൃതിയിൽ അനുസ്മരിക്കുന്ന അനുഭവ കുറിപ്പാണിത്.

അമ്മ ക്ഷമയുടെ പ്രതീകമാണ് – അനുകമ്പയുടെ തീർത്ഥം, സ്നേഹത്തിന്റെ അടയാളം , കവികൾ കവിതകളിലും ലിഖിതങ്ങളിലും എത്ര എഴുതിയാലും തീരാത്ത വിഷയം. ആർക്കും പൂർണ്ണ അർത്ഥം മനസ്സിലാക്കാൻ ഇടം കൊടുത്തിട്ടില്ലാത്ത, ആരും തന്നെ നിർവ്വചനം എഴുതിച്ചേർത്തിട്ടില്ലാത്ത സ്നേഹമാണ് അമ്മ.

ലോകത്തെങ്ങുമുള്ള സ്‌നേഹത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമായ അമ്മമാര്‍ക്ക് വേണ്ടിയാണ് അന്താരാഷ്ട്ര മാതൃദിനം ലോകം ആഘോഷിക്കുന്നത്. ജീവിതത്തിൽ പകർന്നുകിട്ടുന്ന പകരം വയ്ക്കാനാകാത്ത സ്നേഹത്തെ ഓർമ്മിപ്പിക്കുന്ന ദിവസവും കൂടിയാണിത് .

NO COMMENTS