തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ട്രോമകെയർ സംവിധാനം ഏറ്റവും മികച്ചതെന്ന് ലോകാരോഗ്യ സംഘടന

11

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംസ്ഥാന ആരോഗ്യ വകുപ്പ് വികസിപ്പിച്ചെടുത്ത എമർജൻസി, ട്രോമകെയർ സംവിധാനം ഏറ്റവും മികച്ചതെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ ഉപമേധാവി പേഡൻ. മെഡിക്കൽ കോളേജിലെ ഇന്റഗ്രേറ്റഡ് എമർജൻ സി കെയർ താനുൾപ്പെടെയുള്ള സംഘം സന്ദർശിച്ചു. അവിടത്തെ പ്രവർത്തനങ്ങൾ ഏറ്റവും മികച്ചതെന്ന് നേരിട്ട് ബോധ്യമായ തായും ഡബ്ല്യു.എച്ച്.ഒ. ഡെപ്യൂട്ടി ഹെഡ് പറഞ്ഞു. പ്രഥമ അന്താരാഷ്ട്ര കേരള എമർജൻസി മെഡിസിൻ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി.

കേരള എമർജൻസി മെഡിസിൻ സമ്മിറ്റിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി വിദഗ്ധ സംഘം നടത്തിയ ചർച്ചയിലും ഡബ്ല്യു.എച്ച്.ഒ. ഡെപ്യൂട്ടി ഹെഡ് അഭിനന്ദനം അറിയിച്ചു. അടിയന്തര ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് ഈ സർക്കാരിന്റെ കാലത്ത് ഒട്ടേറെ പ്രവർത്തനങ്ങളാണ് നടത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എമർജൻസി കാഷ്വാലിറ്റി സംവിധാനം പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ട്രയാജ് സംവിധാനം ഏർപ്പെടുത്തി. മികച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ തയ്യാറാക്കി. എമർജൻസി മെഡിസിൻ സംവിധാനം എങ്ങനെ പ്രവർത്തിക്കണമെന്നതിന് ഒരു ഉന്നതതല കമ്മിറ്റി രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മന്ത്രിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നിരന്തരം വിലയിരുത്തി മേൽനടപടികൾ സ്വീകരിച്ചു. അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കാർഡിയാക്, സ്ട്രോക്ക് ചികിത്സകൾ നൽകുന്നതിന് ക്രമീകരണം ഏർപ്പെടുത്തി. ചികിത്സാ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവിന്റെ പൈലറ്റ് പ്രോജക്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പിലാക്കി.

എമർജൻസി മെഡിസിൻ രംഗത്ത് കേരളം വലിയ ഇടപെടലുകളാണ് നടത്തിവരുന്നതെന്ന് ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി പറഞ്ഞു. അടിയന്തര ചികിത്സയ്ക്ക് മാത്രമല്ല പരിശീലനത്തിനും കേരളം പ്രാധാന്യം നൽകുന്നു. അപെക്‌സ് ട്രോമ ആന്റ് എമർജൻസി കെയർ ലേണിംഗ് സെന്ററും സംഘം സന്ദർശിച്ചു. 7200-ലധികം ഡോക്ടർമാരും നഴ്‌സുമാരും നഴ്‌സിങ് അസിസ്റ്റന്റുമാരും എമർജൻസി കെയറിൽ പരിശീലനം നേടിയ സ്ഥാപനമാണ് ഇത്. സമഗ്ര ട്രോമകെയർ സംവിധാനം ശക്തിപ്പെടുത്തുന്നതിൽ തുടർന്നും പിന്തുണയ്ക്കുമെന്നും ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായ ഈ ലേണിംഗ് സെന്ററിനെ സൗത്ത് കൊളാബെറേറ്റിംഗ് സെന്ററായി ഉയർത്തിയെടുക്കാനുള്ള ആഗ്രഹവും അവർ പ്രകടിപ്പിച്ചു.

കേരളത്തിലെ എമർജൻസി, ട്രോമ കെയർ രംഗത്തെ മാറ്റങ്ങൾ മന്ത്രി വീണാ ജോർജ് വിവരിച്ചു. ഇനിയും ഈ രംഗത്ത് കൂടുതൽ പ്രവർത്തനങ്ങൾ നടത്തുന്നതിനായാണ് അന്താരാഷ്ട്ര സമ്മിറ്റ് സംഘടിപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാർ, ലോകാരോഗ്യ സംഘടന, നീതി ആയോഗ്, എയിംസ്, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ചർച്ചയിൽ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY