ലോകകപ്പ് യോഗ്യതാ മത്സരം: അര്‍ജന്റീനയെ വെനസ്വേല സമനിലയില്‍ തളച്ചു

162

ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയെ തോല്‍പ്പിക്കാന്‍ കിട്ടിയ സുവര്‍ണാവസരം വെനസ്വേല കളഞ്ഞുകുളിച്ചു. എങ്കിലും ഫിഫാ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള അര്‍ജന്റീനയെ സമനിലയില്‍ തളയ്ക്കാന്‍ കഴിഞ്ഞതില്‍ വെനസ്വേലയ്ക്ക് അഭിമാനിക്കാം. മത്സരത്തിന്റെ തുടക്കത്തില്‍ അര്‍ജന്റീനയ്ക്കായിരുന്നു ആധിപത്യം. മികച്ച മുന്നേറ്റങ്ങള്‍ അര്‍ജന്റീനയില്‍ നിന്നും ഉണ്ടായി. എങ്കിലും അതെല്ലാം ലക്ഷ്യത്തില്‍ എത്തിക്കുന്നതില്‍ അര്‍ജന്റീന പരാജയപ്പെട്ടു.പരിക്ക് മൂലം മെസ്സി ഇന്ന് കളിക്കാനിറങ്ങിയിരുന്നില്ല.

മെസ്സിയുടെ അഭാവം അര്‍ജന്റീനയുടെ പ്രകടനത്തില്‍ നിഴലിക്കുന്നുണ്ടായിരുന്നു. 35-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറക്കുന്നത്. അര്‍ജന്റീന താരങ്ങളെ ഞെട്ടിച്ചു കൊണ്ട് വെനസ്വേല മത്സരത്തില്‍ ലീഡ് നേടി. ജുവാന്‍ പാബ്ലോ അനോറാണ് വെനസ്വേലയ്ക്ക് ലീഡ് നേടി കൊടുത്തത്. ആദ്യ ഗോള്‍ വീണതോടെ ഇരു ടീമുകളും ഉണര്‍ന്നു കളിച്ചു. 53-ാം മിനിറ്റില്‍ വെനസ്വേല വീണ്ടും അര്‍ജന്റീനയെ ഞെട്ടിച്ചു. ജോസഫ് മാര്‍ട്ടിനേസ് നല്ല ഒരു വോളി കിക്കിലൂടെ വെനസ്വേലയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
വെനസ്വേല രണ്ടാം ഗോളും നേടിയതോടെ മത്സരം അര്‍ജന്റീനയ്ക്ക് നഷ്ടമാകുമെന്ന് തോന്നി. എന്നാല്‍ 58-ാം മിനിറ്റില്‍ ലൂക്കാസ് പ്രാറ്റോ അര്‍ജന്റീനയുടെ ആദ്യ ഗോള്‍ നേടി. അതോടെ അര്‍ജന്റീന മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പിന്നീട് തുടരെ അര്‍ജന്റീന വെനസ്വേലയന്‍ ഗോള്‍ മുഖത്തേക്ക് പന്തുമായി മുന്നേറി. 66 മിനിറ്റില്‍ ഡി മരിയ തൊടുത്ത ഷോട്ട് വെനസ്വേലയന്‍ ഗോളി ഡാനിയല്‍ ഹെര്‍ണാണ്ടസ് ഉജ്വലമായി തടഞ്ഞിട്ടു.
അതോടെ മത്സരത്തില്‍ വെനസ്വേല അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് പലരും പ്രതീക്ഷിച്ചു. എന്നാല്‍ 83-ാം മിനിറ്റില്‍ ആ പ്രതീക്ഷകള്‍ അവസാനിച്ചു. ഗോള്‍ പോസ്റ്റിന്റെ 6 വാരം അകലെ നിന്ന് നിക്കോളാസ് ഒറ്റാമെന്‍ഡി തൊടുത്ത ഷോട്ട് വെനസ്വേലന്‍ ഗോളി ഹെര്‍ണാണ്ടസിനെ മറികടന്ന് ഗോള്‍വലയില്‍ പതിച്ചു. അതോടെ മത്സരം സമനിലയിലായി. പിന്നീട് ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

NO COMMENTS

LEAVE A REPLY