രേഷ്മയുടെ ബ്യൂട്ടിടിപ്സിന് കാനിൽ പുരസ്കാരം

292


ആസിഡ് ആക്രമണത്തെ ധൈര്യം കൊണ്ടും ആത്മവിശ്വാസം കൊണ്ടും അതിജീവിച്ച രേഷ്മ ബാനോ ഖുറേഷി എന്ന പെൺകുട്ടിയെ നമുക്കറിയാം. അവൾ ഏറെ പരിചിതയായത് മേക്ക്അപ് ട്യൂട്ടോറിയൽസിലൂടെയാണ്.

ഇൻറർനെറ്റിൽ തരംഗമായിരുന്നു ബ്യൂട്ടി ടിപ്സ് ബൈ രേഷ്മ എന്ന ഇവളുടെ മേക്ക്അപ് ട്യൂട്ടോറിയൽസ്. അനധികൃതമായി നടക്കുന്ന ആസിഡ് വിൽപ്പനയ്്ക്കെതിരെ ഒരു ക്യാംപെയിൻ എന്ന നിലയിലാണ് രേഷ്മ മേക്ക്അപ് ട്യൂട്ടോറിയൽ എന്ന ആശയവുമായി സമൂഹത്തെ അഭിമുഖീകരിക്കാൻ തയാറായത്.
ആസിഡ് ആക്രമണത്തിൽ തളരാതെ മറ്റുള്ള ഇരകൾക്കും ആത്മവിശ്വാസം നൽകാനായി സമൂഹത്തിൻെറ മുൻധാരയിലേക്ക് ഈ പെൺകുട്ടി വരാൻ തയാറായപ്പോൾ അവളുടെ ആ ചങ്കൂറ്റത്തിന് സമൂഹം നൽകിയത് വലിയ പിന്തുണയായിരുന്നു.

2015 ൽ പുറത്തിറങ്ങിയ രേഷ്മയുടെ ബ്യൂട്ടിടിപ്സ് വിഡിയോ വളരെവേഗമാണ് ജനപ്രിയമായത്. ഈ വിഡിയോയ്ക്കാണ് കാനിലെ ഗ്ലാസ് ലയൺ ഫോർ ചേഞ്ച് അവാർഡ് ലഭിച്ചിരിക്കുന്നത്.

ആസിഡ് ആക്രമണത്തിനിരയായവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ പ്രാപ്തരാക്കുന്ന മെയ്ക്ക് ലവ് നോട്ട് സ്കാർസ് എന്ന എൻജിഒ സംഘടനയാണ് ഈ വിഡിയോയുടെ പിറവിക്കു പിന്നിൽ. ആദ്യമൊക്കെ കാമറയെ അഭിമുഖീകരിക്കാൻ തനിക്ക് വളരെയേറെ പ്രയാസമായിരുന്നുവെന്നും എന്നാൽ തന്നെ പോലെ ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഈ ബ്യൂട്ടിടിപ്സ് വിഡിയോ അവതരിപ്പിക്കാൻ തന്നെ പ്രാപ്തയാക്കിയതെന്നാണ് രേഷ്മ പറയുന്നത്.

16 ലക്ഷത്തിലധികംപേരാണ് ഇതുവരെ ഈ വിഡിയോ കണ്ടത്. രേഷ്മയുടെ വിഡിയോയ്ക്ക് ലഭിച്ച ജനപിന്തുണ മൂലം ഇതുപോലെയുള്ള രണ്ട് വിഡിയോ ക്യാംപെയിനുകളും എൻജിഒ സംഘടന പുറത്തിറക്കിയിരുന്നു.
courtesy : manorama online