നിക്ഷേപ, സംരംഭരംഗങ്ങളിലേക്ക് സ്ത്രീകൾ സധൈര്യം മുന്നോട്ടുവരണം- ഗവർണർ പി. സദാശിവം.

133

തിരുവനന്തപുരം : നിക്ഷേപ, സംരംഭരംഗങ്ങളിലേക്ക് സ്ത്രീകൾ സധൈര്യം മുന്നോട്ടുവരണമെന്ന് ഗവർണർ പി. സദാശിവം. നവസംരംഭങ്ങളെക്കുറിച്ചും തങ്ങളുടെ ആശയങ്ങളെക്കുറിച്ചും ഉറക്കെ വിളിച്ചുപറയാൻ സ്ത്രീകൾ തയ്യാറാകണമെന്നും ഗവർണർ പറഞ്ഞു. കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന വനിതാ സംരംഭകരുടെ കൂട്ടായ്മ നവാംഗന 2019 തിരുവനന്തപുരത്ത് ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീകളുടെ ആശയങ്ങളും അനുഭവങ്ങളും ഭാവിസമൂഹത്തിനായി വിനിയോഗിക്കണം. സമൂഹത്തിന്റെ മുൻധാരയിലേക്ക് സ്ത്രീകൾ കടന്നുവരുന്നത് പൂർണമായി അംഗീകരിക്കാൻ ഇന്നും സമൂഹത്തിനായിട്ടില്ല. ഈ മനോഭാവത്തെ മറികടക്കാൻ പല വനിതാ സംരംഭകർക്കുമായിട്ടുണ്ട്. മീറ്റിൽ പങ്കെടുക്കാനെത്തിയ ഭിന്നശേഷിയുള്ള നവസംരംഭക തീർഥ നിർമ്മലിനെ പോലുള്ളവരെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ്, സംരംഭകരംഗത്തേക്ക് കടന്നുവരുന്നവർ ബന്ധപ്പെട്ട മേഖലകളിലെ നിയമവശങ്ങൾ മനസിലാക്കിയിരിക്കണം. തൊഴിൽ, പരിസ്ഥിതി നിയമങ്ങൾ സംബന്ധിച്ച് വ്യക്തമായി അറിവ് നേടിയിരിക്കണമെന്നും ഗവർണർ പറഞ്ഞു.

രാജ്യത്തിന്റെ ജി.ഡി. പി വർധിപ്പിക്കാനും സാമ്പത്തികപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ഏതെങ്കിലും മേഖലകളിൽ സ്ത്രീകൾ ജോലി ചെയ്യണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ, വനിതാ, ശിശുവികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. കുടുംബത്തിൽ എത്ര വരുമാനമുണ്ടെങ്കിലും പൊതുവിടങ്ങളിൽ അധ്വാനിക്കാൻ സ്ത്രീകൾ തയ്യാറാകണം. കേരളത്തിലും സ്ത്രീകളോട് രണ്ടാംതര മനോഭാവം നിലനിൽക്കുന്നുണ്ട്. കുടുംബത്തിലുപരി സമൂഹത്തിലെ ഉത്തരവാദിത്വങ്ങൾ കൂടി ഏറ്റെടുക്കാൻ സ്ത്രീകൾ മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു.

കെ. മുരളീധരൻ എം.എൽ.എ, വനിതാശിശുവികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, ഡയറക്ടർ ഷീബ ജോർജ്, വനിതാ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ബിന്ദു വി.സി, ചെയർപേഴ്‌സൺ കെ.എസ്. സലീഖ തുടങ്ങിയവർ സംസാരിച്ചു. നവസംരംഭകരായ സ്ത്രീകളും വിദ്യാർത്ഥിനികളും തങ്ങളുടെ സംരംഭങ്ങൾ സംബന്ധിച്ച് അവതരണം നടത്തി. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വിവിധ ജില്ലകളിലായി ഒരാഴ്ച നീളുന്ന പരിപാടികളാണ് വനിതാ, ശിശുവികസന വകുപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

NO COMMENTS