607

മുഖക്കുരു മാറാൻ പഴത്തൊലി

ഉപയോഗശേഷം വലിച്ചറിയുന്ന പഴത്തൊലി എന്നൊക്കെ പറയുന്നത് ഇനി സൂക്ഷിച്ചു വേണം. കാരണം, വിശപ്പു മാറ്റുന്ന പഴത്തിന്റെ അവശിഷ്ടമായി പലപ്പോഴും നാം വലിച്ചറിയുന്ന പഴത്തൊലി അത്ര നിസ്സാരക്കാരനല്ല. മുഖക്കുരു പൂർണ്ണമായും തുടച്ചു മാറ്റാൻ ഈ ‘നിസ്സാരക്കാരൻ’ പഴത്തൊലിക്കാകും എന്ന് തെളിയിച്ചിരിക്കുകയാണ് യുകെയിൽ നിന്നുള്ള ബ്യുട്ടി ആൻഡ് മേക്ക്അപ് ബ്ലോഗ്ഗർ ഹബീബ.

മുഖക്കുരുവിന്റെ പേരിൽ നട്ടം തിരിയുന്നവരാണോ നിങ്ങൾ? എന്നാൽ കണ്ട കെമിക്കലുകൾ ഉപയോഗിച്ചു മുഖം നശിപ്പിക്കാൻ നോക്കണ്ട, വീട്ടിൽ സുലഭമായ പഴത്തിന്റെ തൊലി കൊണ്ടു ചുരുങ്ങിയ സമയത്തിനുള്ളിൽ നിങ്ങൾക്കു മുഖക്കുരുവിനോട് ഗുഡ് ബൈ പറയാം. വെറുതെ ഇക്കാര്യം പറയുക മാത്രമല്ല ഹബീബ ചെയ്തിരിക്കുന്നത്, പറയുന്നതു സത്യമാണ് എന്നു തെളിയിക്കുന്ന വീഡിയോയും കൂടെ കാണിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ 28000 ൽ പരം ഫോളോവേഴ്സ് ഉള്ള ഹബീബ അവിടെ തന്നെയാണ് ആദ്യമായി ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നതും. മികച്ച ഫലം ലഭിക്കുന്നതിനായി ഹബീബ നിർദ്ദേശിക്കുന്നത് മഞ്ഞയിൽ കറുത്തകുത്തുകൾ വീണ പഴത്തൊലിയാണ്. പഴത്തൊലി ഉപയോഗിച്ച് എങ്ങനെയാണ് മുഖക്കുരു ചികിത്സ ചെയ്യുന്നത് എന്നത് ഏറെ എളുപ്പം.

പഴത്തിൽ നിന്നും വേർപ്പെടുത്തിയ പഴത്തൊലി, ഒരു ചെറിയ ചതുരക്കഷ്ണമായി മുറിക്കിച്ചെടുക്കുക. അതിന് ശേഷം, മുഖക്കുരുവുള്ള ഭാഗത്ത് ഇതുപയോഗിച്ച് നന്നായി ഉരസുക. ഇത് ഒരു സ്‌ക്രബിന്റെ ഫലം ചെയ്യും. പഴത്തൊലിയുടെ മഞ്ഞ നിറം മാറി ബ്രൗൺ നിറം ആകുന്നതു വരെ ഈ പ്രക്രിയ തുടരുക. ചിലപ്പോൾ 2 മണിക്കൂർ എടുത്തു എന്ന് വരും . ഇനിയൊന്ന് ആ പഴത്തൊലിയുടെ എടുത്തു മാറ്റി മുഖക്കുരു ഒന്നു നോക്കൂ…കോഴി കിടന്നിടത്ത് പൂട പോലുമില്ല എന്നു പറയുന്ന പോലെ മുഖക്കുരു അപ്രത്യക്ഷമായിട്ടുണ്ടാകും.

ഒരു ബ്യൂട്ടി ബ്ലോഗ്ഗർ എന്ന നിലയിൽ താൻ കൂടുതലും പ്രാമുഖ്യം കൊടുക്കുന്നത് ഓർഗാനിക് വസ്തുക്കൾ ഉപയോഗിച്ചുള്ള സൗന്ദര്യ വർദ്ധക രീതികൾക്കാണ്, അതുകൊണ്ടാണ് ഇത്തരത്തിൽ പല കണ്ടു പിടുത്തങ്ങളും നടത്തുന്നത് എന്നാണു ഹബീബ പറയുന്നത്. കാര്യം എന്തായാലും, ഇനി പഴത്തൊലി ചവറ്റു കൊട്ടയിലേക്ക് ഇടും മുമ്പ് മുഖക്കുരു ഉള്ള ആരെങ്കിലും വീട്ടിൽ ഉണ്ടോ എന്നു നോക്കുന്നത് നന്നായിരിക്കും.

NO COMMENTS