ഗുണനിലവാരമില്ലാത്ത മരുന്നുകൾ: വിൽസൻ ടേപ്പ്‌സിന് ശിക്ഷ

228

തൃശൂർ : ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940 ലെ ചട്ടങ്ങൾക്ക് വിരുദ്ധമായി ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റർ ഓഫ് പാരീസ് ബാൻഡേജ് ബി പി എന്ന മരുന്നിന്റെ ഒൻപത് ബാച്ചുകൾ നിർമ്മിച്ച് സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്കും ഡിസ്‌പെൻസറികൾക്കും വിതരണം നടത്തിയതിന് ഗുജറാത്തിലെ ഗൊസാരിയിലുളള വിൽസൻ ടേപ്പ്‌സ് പ്രൈവറ്റ് ലിമിറ്റഡിനേയും ഡയറക്ടറായ പട്ടേൽ യാഷ്വന്ത് ഭായി നിതാലിനേയും കുറ്റാക്കാരാണെന്നു കണ്ടെത്തി കുന്നംകുളം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചു. ഒന്നാം പ്രതിയായ മരുന്നു നിർമ്മാണ കമ്പനിക്ക് പിഴയായി 25000 രൂപയും രണ്ടാം പ്രതിയായ ഡയറക്ടർക്ക് ഒരു വർഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു.

കേസിനാസ്പദമായ മരുന്നുകൾ പരിശോധനയക്കെടുത്തതും തുടരന്വേഷണം നടത്തി കേസുകൾ ഫയൽ ചെയ്തതും തൃശൂരിലെ അസി. ഡ്രഗ്‌സ് കൺട്രോളർ പി എം ജയൻ, ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാരായ എം പി വിനയൻ, വി എ വനജ എന്നിവരാണ്. പ്രസ്തുത കേസിൽ സർക്കാരിന് വേണ്ടിഅസി. പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ് ചന്ദ്രൻ ഹാജരായി.

NO COMMENTS