വ്യാപാര്‍-2017 ല്‍ ചക്കയും തേങ്ങയും താരങ്ങള്‍

291

കൊച്ചി: കേരളത്തില്‍നിന്ന് കടല്‍ കടന്നു പോകുന്ന ചക്ക ഇടംപിടിക്കുന്നത് സായിപ്പിന്റെ ബര്‍ഗറില്‍. അമേരിക്കന്‍ വിഭവമായ ടെരിയാക്കിയില്‍ കോഴിയിറച്ചിക്കു പകരം പച്ചച്ചക്കയ്ക്ക് സ്ഥാനം. ഇപ്പോഴിതാ ചക്കക്കുരു പൊടിച്ച പാസ്തയും പുതിയ താരമാകുന്നു. ഇവിടെ വഴിയില്‍ കിടന്ന് ചീഞ്ഞു നശിക്കുന്ന ചക്ക വിദേശത്ത് കേരളത്തിന്റെ പ്രകൃതി ദത്ത ഉല്പന്നങ്ങളുടെ പട്ടികയിലാണുള്ളത്. ചക്ക അധിഷ്ഠിത ഉല്പന്നങ്ങള്‍ക്ക് അവിടെ വന്‍ ഡിമാന്‍ഡാണെന്ന് ചക്കക്കുരു പാകം ചെയ്യുന്നത് ദാരിദ്ര്യത്തിന്റെ സൂചനയാണെന്ന് കരുതിയിരുന്ന മലയാളി അറിയുന്നില്ല.

കൊച്ചിയില്‍ നടക്കുന്ന ത്രിദിന ബിസിനസ്-ടു-ബിസിനസ് മീറ്റ് ആയ വ്യാപാര്‍-2017 ലും ചക്കയാണ് താരം. ചക്കയില്‍നിന്ന് ഇരുപതോളം ഉല്പന്നങ്ങളുണ്ടാക്കുന്ന കമ്പനികള്‍ വരെ വ്യാപാറിലുണ്ട്. അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള ആവശ്യത്തിനനുസരിച്ച് ബര്‍ഗറിനുളളില്‍ വയ്ക്കുന്ന കട്‌ലറ്റ്, അമേരിക്കന്‍ ഭക്ഷണമായ ടെരിയാക്കി എന്നിവയ്ക്കുവേണ്ടിയെല്ലാം ചക്കയ്ക്ക് കരാര്‍ ലഭിക്കുന്നുണ്ടെന്ന് കണ്ണൂരില്‍ നിന്നുള്ള കെ.സുഭാഷ് പറഞ്ഞു. ചക്കക്കുരു പൊടിച്ചെടുത്താണ് പാസ്ത നിര്‍മിക്കുന്നതെന്ന് അദ്ദേഹം വിവരിക്കുന്നു.

കേരളത്തിലെ പ്രധാന പ്രശ്‌നം ഇവിടെ ചക്ക സുലഭമാണ് എന്നതാണെന്ന് ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജാഫര്‍ മണലോടി പറയുമ്പോള്‍ വിചിത്രമായി തോന്നും. ഇവിടെയുണ്ടാകുന്ന ചക്കയുടെ 75 ശതമാനം പാഴായി പോവുകയാണ്. ബാക്കി വരുന്നതിന്റെ വളരെ കുറച്ചു മാത്രമേ നമ്മുടെ വാണിജ്യാവശ്യത്തിന് ലഭിക്കുന്നുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്കാണ് ചക്ക കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കീടനാശിനി വിമുക്തവും ആരോഗ്യവര്‍ധകവുമാണെന്നതാണ് ചക്കയുടെ പ്രധാന വാണിജ്യ സവിശേഷത. മലേഷ്യ, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍നിന്നും ചക്ക വിദേശത്തെത്തുന്നുണ്ടെങ്കിലും അതെല്ലാം കൃഷി ഉത്പന്നമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. കേരളത്തിലെ ചക്കയെ ആണ് വിദേശരാജ്യങ്ങളില്‍ പ്രകൃതി ദത്ത ഇനത്തില്‍ പെടുത്തിയിരിക്കുന്നത്. അതിനാല്‍ കേരളത്തില്‍ നിന്നുള്ള ചക്ക അധിഷ്ഠിത ഉത്പന്നങ്ങള്‍ക്ക് വന്‍ഡിമാന്റാണ്.ചക്കയ്‌ക്കൊപ്പം നാളികേരം, വെന്ത വെളിച്ചെണ്ണ എന്നിവയുടെ ആരോഗ്യപ്രാധാന്യത്തെക്കുറിച്ച് അമേരിക്കയിലും യൂറോപ്പിലും നടന്ന ശാസ്ത്ര പഠനങ്ങള്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ചക്ക, തേങ്ങ അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് കയറ്റുമതി മേഖലയില്‍ മികച്ച അവസരങ്ങളാണ് ലഭിക്കുന്നതെന്ന് വ്യവസായികള്‍ പറയുന്നു.

വെന്ത വെളിച്ചെണ്ണയുടെ ആരോഗ്യപ്രാധാന്യം പാശ്ചാത്യ ലോകം തിരിച്ചറിഞ്ഞതോടെ ഈ രംഗത്തെ കയറ്റുമതി ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതിന്റെ പ്രതിഫലനം നാളികേര അധിഷ്ഠിത ചെറുകിട വ്യവസായങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള നാളികേരത്തിന്റെ മൂല്യവര്‍ധക വസ്തുക്കള്‍ ചൈന, മലേഷ്യ, സിംഗപ്പൂര്‍, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ട്. ആഗോള ഓണ്‍ലൈന്‍ വ്യാപാര ശൃംഖലകളിലും കേരളത്തില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് വന്‍ഡിമാന്റാണെന്ന് ഈ രംഗത്തെ സംരംഭകനായ ഉബൈസ് അലി പറയുന്നു. വ്യാപാറിലൂടെ മികച്ച പ്രതികരണമാണ് ബയര്‍മാരില്‍ നിന്നുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന വ്യാപാര്‍-2017 ല്‍ ഏറ്റവുമധികം സ്റ്റാളുകള്‍ ഉള്ളത് ഭക്ഷ്യസംസ്‌കരണ മേഖലയില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നതും ഈ മേഖലയില്‍ നിന്നു തന്നെ.

NO COMMENTS

LEAVE A REPLY