വ്യാപാര്‍ 2017-ല്‍ 46 രാജ്യങ്ങള്‍, വിദേശത്തുനിന്ന് 160 ബയര്‍മാര്‍

442

തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട, സൂക്ഷ്മ വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ ഫെബ്രുവരി രണ്ടു മുതല്‍ നാലു വരെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് നടത്തുന്ന ബിസിനസ് ടു ബിസിനസ് മീറ്റായ വ്യാപാര്‍ 2017-ല്‍ 46 വിദേശരാജ്യങ്ങളില്‍നിന്നുള്ള 160 പേരടക്കം 683 ബയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തു.

18 സംസ്ഥാനങ്ങളില്‍നിന്ന് 523 ബയര്‍മാരാണുള്ളത്. അമേരിക്ക, ഇംഗ്ലണ്ട്, ചൈന, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിരാജ്യങ്ങളില്‍നിന്നുള്ള 160 പേര്‍ക്കു പുറമെ ജപ്പാനില്‍നിന്ന് 39 പേരുടെ പ്രതിനിധി സംഘവുമെത്തും. ബിസിനസ് ഹൗസുകള്‍, ഉപഭോക്താക്കള്‍, വ്യാപാര സംഘങ്ങള്‍, കയറ്റുമതി സംഘങ്ങള്‍, വാണിജ്യ, വ്യവസായ, വിപണന, കയറ്റുമതി സംഘങ്ങളുടെ പ്രതിനിധികള്‍ എന്നിവരാകും ബയര്‍മാര്‍. ഇതില്‍നിന്ന് 450-ല്‍ കുറയാതെ ബയര്‍മാര്‍ വ്യാപാറില്‍ പങ്കെടുക്കും.
മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഫെബ്രുവരി രണ്ടിനു രാവിലെ 10.30ന് വ്യാപാര്‍ 2017 ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി ശ്രീ.എ.സി.മൊയ്തീന്‍ അധ്യക്ഷനാകും.

ഏഴായിരത്തിലേറെ ബിസിനസ് ടു ബിസിനസ് ചര്‍ച്ചകള്‍ വ്യാപാറില്‍ നടക്കുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്കു 2.30 മുതല്‍ ഫെബ്രുവരി നാലിന് ഉച്ചവരെയാണ് മുന്‍നിശ്ചയ പ്രകാരമുള്ള ബിസിനസ് ടു ബിസിനസ് മീറ്റിംഗുകള്‍. ഫെബ്രുവരി നാലിന് ഉച്ച കഴിഞ്ഞ് വ്യാപാറില്‍ പങ്കാളികളായ ബയര്‍മാരും സെല്ലര്‍മാരും സംയുക്ത ചര്‍ച്ചയും നടത്തും. ഫെബ്രുവരി ഒന്നിനു തന്നെ സ്റ്റാളുകളുടെ സജ്ജീകരണം പൂര്‍ത്തിയാക്കും.

ഭക്ഷ്യസംസ്‌കരണം, കൈത്തറി, ടെക്‌സ്റ്റൈല്‍സ്, തുണിത്തരങ്ങള്‍, ഫാഷന്‍ ഡിസൈനിങ്, ഫര്‍ണിഷിങ്, റബര്‍, കയര്‍, കരകൗശലം, ആയുര്‍വേദം, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ മേഖലകളിലെ ഉല്‍പ്പന്നങ്ങളും സാങ്കേതിക വിദ്യയും പരിപോഷിപ്പിക്കുകയാണ് വ്യാപാര്‍ 2017ന്റെ ലക്ഷ്യം.

വ്യാപാര്‍ 2017ല്‍ പങ്കെടുക്കാന്‍ 200 ചെറുകിട വ്യവസായ യൂണിറ്റുകളെ തെരഞ്ഞെടുത്തിട്ടുണ്ട്. ജില്ലാ വ്യവസയാ കേന്ദ്രങ്ങള്‍ വഴി റജിസ്റ്റര്‍ ചെയ്ത 331 യൂണിറ്റുകളില്‍നിന്ന് വ്യവസായ വാണിജ്യ ഡയറക്ടര്‍ അധ്യക്ഷനായ സമിതിയാണ് 200 യൂണിറ്റുകളെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുത്ത വ്യവസായ യൂണിറ്റുകളുടെ വിവരങ്ങള്‍ വ്യാപാര്‍ 2017ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ംംം.സലൃമഹമയൗശെിലാൈലല.േീൃഴ ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇവരുടെ ഉല്‍പ്പന്നങ്ങളും, സാങ്കേതിക വിദ്യകളും വ്യവസായ വാണിജ്യസംഘങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കും. വിപണി സാധ്യതകള്‍, വിപണിയുടെ സ്വഭാവം, ഗുണനിലവാര മാനദണ്ഡം എന്നിവയെപ്പറ്റി മനസ്സിലാക്കാന്‍ മീറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരം ലഭിക്കും.

സംസ്ഥാനത്തിന്റെ വ്യവസായിക ഉല്‍പാദനക്ഷമത പ്രദര്‍ശിപ്പിക്കുക, ബ്രാന്‍ഡ് ചെയ്തതും അല്ലാത്തതുമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുക, നിലവിലുള്ള വ്യവസായങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക, നിക്ഷേപകരെ ആകര്‍ഷിക്കുക, സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്തുക എന്നിവയും വ്യാപാര്‍ 2017ന്റെ ലക്ഷ്യങ്ങളാണ്. സംസ്ഥാനത്തിന്റെ വ്യവസായ-സംരഭകത്വ മികവ്, തൊഴില്‍ നൈപുണ്യം എന്നിവ രാജ്യത്തും ആഗോള തലത്തിലും പ്രദര്‍ശിപ്പിക്കാനും മീറ്റ് ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളെ ആഗോള വിപണിയില്‍ പരിചയപ്പെടുത്താനും കഴിയും.

വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, ഹാന്‍ഡ്‌ലൂംസ് ആന്‍ഡ് ടെക്‌സ്റ്റൈല്‍സ് ഡയറക്ടറേറ്റ്, വ്യവസായ വികസന കോര്‍പ്പറേഷന്‍, ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍, എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന മേളയുടെ സംഘാടനച്ചുമതല കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷനാ(കെ-ബിപ്)ണ്. ഫിക്കിയാണ് വ്യവസായ-വാണിജ്യ പങ്കാളി.
വ്യവസായ-വാണിജ്യ ഡയറക്ടറേറ്റ് വഴി 2015ലെയും 2016ലെയും ബിസിനസ് ടു ബിസിനസ് മീറ്റുകളില്‍ പങ്കെടുത്ത ഏറ്റവും മികച്ച സെല്ലര്‍ക്കു വ്യാപാര്‍ ഉദ്ഘാടനവേളയില്‍ അവാര്‍ഡ് വിതരണം ചെയ്യും. വ്യവസായ വാണിജ്യ ഡയറക്ടര്‍ അധ്യക്ഷനായ സമിതിയാണ് അവാര്‍ഡു നിര്‍ണയിച്ചത്.

ബിസിനസ് മീറ്റിന് വ്യാപാര്‍ 2017 എന്നു നാമകരണവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നേരത്തെ നിര്‍വഹിച്ചിരുന്നു. മീറ്റിനോടനുബന്ധിച്ച് മുപ്പതോളം രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ക്കായി ഡല്‍ഹിയില്‍ നടത്തിയ സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുത്തു. ആന്ധ്ര, തെലങ്കാന, കൊല്‍ക്കത്ത, പുതുച്ചേരി എന്നീ മേഖലകളിലെ ബയര്‍മാരെ ലക്ഷ്യമിട്ട് വ്യവസായ വാണിജ്യ വകുപ്പ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി)യുമായി സഹകരിച്ച് പ്രചാരണപരിപാടിയും സംഘടിപ്പിച്ചിരുന്നു. മുന്‍കൂറായി രജിസ്റ്റര്‍ ചെയ്ത കേരളത്തിനു പുറത്തുനിന്നുള്ള സംരംഭകര്‍ക്ക് മാത്രമായാണ് ഫെബ്രുവരി 2, 3 തീയതികളിലെ ബിസിനസ് മീറ്റിംഗുകള്‍. ഫെബ്രുവരി നാലിന് വ്യാപാര്‍ നടക്കുന്ന സ്ഥലത്ത് സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്കും ഉച്ചവരെ പങ്കെടുക്കാം.

NO COMMENTS

LEAVE A REPLY