400 കോടി രൂപയുടെ വാണിജ്യ അന്വേഷണങ്ങള്‍, വ്യാപാര്‍-2017 സമാപിച്ചു

244

കൊച്ചി: സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ച ബിസിനസ് മീറ്റായ വ്യാപാര്‍-2017 ല്‍ 400 കോടിയില്‍പരം രൂപയുടെ വാണിജ്യ അന്വേഷണങ്ങള്‍ നടന്നു. സംസ്ഥാനത്തെ ചെറുകിട-സൂക്ഷ്മ വ്യവസായങ്ങളെ അന്താരാഷ്ട്ര രംഗത്ത് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വ്യവസായ വകുപ്പ് വ്യാപാര്‍ സംഘടിപ്പിക്കുന്നത്. മൂന്നു ദിവസമായി കൊച്ചി ബോള്‍ഗാട്ടി പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നുവന്ന വ്യാപാറില്‍ 7400-ല്‍ പരം വാണിജ്യ കൂടിക്കാഴ്ചകളാണ് നടന്നത്. ഓണ്‍ലൈന്‍ സംവിധാനം വഴി മുന്‍കൂട്ടി നിശ്ചയിച്ചവയായിരുന്നു കൂടിക്കാഴ്ചകള്‍. വിദേശ രാജ്യങ്ങളില്‍ നിന്നും 80 പ്രതിനിധികള്‍ മേളയില്‍ പങ്കെടുത്തു. ഇതിനു പുറമെ ജപ്പാനിലെ സാനിന്‍ പ്രവിശ്യയില്‍ നിന്ന് 39 അംഗങ്ങളുള്ള പ്രത്യേക പ്രതിനിധി സംഘവും വ്യപാറില്‍ പങ്കെടുത്തു. 683 ബയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തില്‍ 437 പേരാണ് പങ്കെടുത്തത്. വിവിധ ചെറുകിട-സൂക്ഷ്മ സംരംഭകരില്‍ നിന്നും 200 സ്റ്റാളുകളാണ് വ്യാപാറില്‍ ഉണ്ടായിരുന്നത്. മൊത്തം 400 കോടിയില്‍ പരം രൂപയുടെ വാണിജ്യ അന്വേഷണങ്ങളാണ് മേളയില്‍ നടന്നത്.

മേളയുടെ അവസാനദിവസമായ ഇന്നലെ ഉച്ചവരെ പൊതുജനങ്ങള്‍ക്ക് മേളയില്‍ പ്രവേശമനുവദിച്ചിരുന്നു. സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെയാണ് പൊതുജനങ്ങള്‍ക്ക് മേള കാണാനുള്ള അവസരമൊരുക്കിയത്. 334 പേരാണ് ഈ സംവിധാനം വഴി വ്യാപാര്‍ കാണാനെത്തിയത്. കര്‍ശനമായ നിരീക്ഷണ സംവിധാനത്തിലൂടെയാണ് ബയര്‍മാരെ വ്യവസായ-വാണിജ്യവകുപ്പ് തെരഞ്ഞെടുത്തതെന്ന് ഡയറക്ടര്‍ പി.എം ഫ്രാന്‍സിസ് പറഞ്ഞു. ബയര്‍മാരില്‍ നിന്ന് സെക്യൂരിറ്റി തുക ഈടാക്കിയിട്ടുണ്ട്. വാണിജ്യ താത്പര്യം പരിഗണിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബയര്‍മാര്‍ക്ക് പരിഗണന നല്‍കിയിട്ടുണ്ട്. ഇക്കുറി വിദേശത്തു നിന്നുള്ള പ്രാതിനിധ്യം കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സംരക്ഷണ മേഖലയില്‍ നിന്നാണ് മേളയില്‍ ഏറ്റവുമധികം പ്രാതിനിധ്യം ഉണ്ടായത്. ഇതു കൂടാതെ കൈത്തറി, ടെക്‌സ്റ്റൈല്‍സ്, തുണിത്തരങ്ങള്‍, ഫാഷന്‍ ഡിസൈനിങ്, ഫര്‍ണിഷിങ്, റബര്‍, കയര്‍, കരകൗശലം, ആയുര്‍വേദം, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ മേഖലകളിലെ ഉല്‍പ്പന്നങ്ങളും സാങ്കേതിക വിദ്യയും പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ടാണു വ്യാപാര്‍ 2017 സംഘടിപ്പിച്ചത്.

മുന്‍കാല വ്യാപാര മേളകളില്‍ നിന്ന് ഏറെ പുരോഗതി 2017 ല്‍ ഉണ്ടായിട്ടുണ്ടെന്ന് കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍(കെ-ബിപ്) സിഇഒ വി രാജഗോപാല്‍ പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം തവണ മേളയില്‍ പങ്കെടുക്കാന്‍ ബയര്‍മാരും സെല്ലര്‍മാരും ഏറെ താത്പര്യം കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, ഹാന്‍ഡ്‌ലൂംസ് ആന്‍ഡ് ടെക്‌സ്റ്റൈല്‍സ് ഡയറക്ടറേറ്റ്, വ്യവസായ വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെ നടന്ന വ്യാപാര്‍-2017ന്റെ സംഘാടനച്ചുമതല കെ-ബിപിനായിരുന്നു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) വ്യവസായ-വാണിജ്യ പങ്കാളിയായി. രണ്ട് വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി വാണിജ്യമേള സംഘടിപ്പിക്കുന്നതിനാല്‍ ബയര്‍മാരും സെല്ലര്‍മാരും തികഞ്ഞ അവബോധമുള്ളവരാണെന്ന് ഫിക്കി കേരള തലവന്‍ സാവിയോ മാത്യു പറഞ്ഞു. കഴിഞ്ഞ തവണ സന്ദര്‍ശനം നടത്തിയവര്‍ മികച്ച പ്രതികരണമാണ് വാണിജ്യസമൂഹത്തില്‍ നല്‍കിയത്. ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നടത്തിയ പ്രചാരണ പരിപാടികള്‍ പുതിയ ബയര്‍മാരെ ലഭിക്കാന്‍ സഹായകരമായി എന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY