നീചമായ അനാചാരങ്ങൾക്കെതിരെ യുദ്ധകാഹളം മുഴക്കിയ വി.ടി. ഭട്ടതിരിപ്പാട്- സാമൂഹ്യനവോത്ഥാ‍ന നായകനും – നാടകകൃത്തും – ഉപന്യാസകാരനുമായിരുന്നു .

697

ഓർമ്മ കുറിപ്പ് – കേരളത്തിലെ പ്രശസ്തനായ സാമൂഹ്യനവോത്ഥാ‍ന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുന്നു. വി.ടി. ഭട്ടതിരിപ്പാട്. 1896 മാർച്ച് 26 ന്‌ വി.ടി. കിടങ്ങൂർ കൈപ്പിള്ളി മനയിൽ ജനിച്ചു. യഥാർത്ഥപേര് വെള്ളിത്തുരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്നായിരുന്നു. ഒഴുക്കിനെതിരെ നീന്തിയ അദ്ദേഹം സമൂഹത്തിൽ, നമ്പൂതിരിസമുദായത്തിൽ വിശേഷിച്ചും, അന്ന് ഉറച്ച പ്രതിഷ്ഠ നേടിയിരുന്ന, കാലഹരണപ്പെട്ട, പഴയ വിഗ്രഹങ്ങൾ തച്ചുടച്ച് പുതിയവ പ്രതിഷ്ഠിക്കുവാൻ മുൻകയ്യെടുത്തയാളാണ്.

കേരളബ്രാഹ്മണരായ നമ്പൂതിരിമാർ പുറമേ നിന്നെത്തി കേരളത്തിൽ കുടിയേറിപ്പാർത്തവരാണ് എന്നാണ് ചരിത്രം. ഇങ്ങനെ കുടിയേറ്റക്കാരായി വന്ന നമ്പൂതിരിമാർ വളരെ താമസിയാതെ അവരുടെ വിദ്യ, വേദജ്ഞാനം, ആയുർവേദജ്ഞാനം മുതലാവ ഉപയോഗിച്ച് സമൂഹത്തിന്റെ മട്ടുപ്പാവിൽ വാണരുളുന്ന ഭൂദേവന്മാരായിത്തീർന്നു.

വേദജ്ഞരായ അവർക്ക് അന്നത്തെ നാടുവാഴികൾ നൽകി വന്ന അകമഴിഞ്ഞ സഹായം നിമിത്തം കോയിലധികാരികളായും ക്രമേണ രാജവംശങ്ങളെത്തന്നെ വാഴിക്കുന്ന ശക്തികളായും അവർ ഉയർന്നു. രാജാക്കന്മാർക്ക് വരെ പിഴ വിധിക്കുന്ന നിലയിലേയ്ക്ക് തന്നെ അവരുടെ അധികാരം വളർന്നു. ഭൂദേവന്മാർ എന്ന് ചിരപുരാതനകാലം മുതൽ ബ്രാഹ്മണർ സ്വയം വിഭാവനം ചെയ്തുപോന്നിരുന്നത് അതിന്റെ പൂർണ്ണ അർത്ഥത്തിൽ സാക്ഷാത്കരിക്കപ്പെടാൻ കേരളത്തിലാണ് ഇടയായത്.

ഇത്തരം പാതിവ്രത്യസംശയ നിവാരണത്തിനായി ചെയ്തിരുന്ന മറ്റൊരു ദുരാചാരമാണ് സ്മാർത്തവിചാരം. ദോഷം ആരോപിക്കപ്പെട്ട സ്ത്രീയോട് അതിക്രൂരവും നിന്ദ്യവുമായ രീതിയിലാണ് നമ്പൂതിരിമാർ പെരുമാറിയിരുന്നത്. ഇത്തരത്തിൽ കേരളം മുഴുവനും ഒച്ചപ്പാടുണ്ടാക്കിയ ഒരു സ്മാർത്തവിചാരമാണ് കുറിയേടത്ത് താത്രി എന്ന സാവിത്രിയുടേത്. ഇത് നടന്നത് കൊല്ലവർഷം 1079-ലാണ്. അക്കാലത്ത് അഞ്ചോളം സ്മാർത്തവിചാരങ്ങൾ നടക്കുകയും ചെയ്തതായു കാണിപ്പയൂർ തന്റെ പ്രസിദ്ധമായ ‘എന്റെ സ്മരണകൾ എന്ന പുസ്തകത്തിൽ പറയുന്നു.

വൃദ്ധവിവാഹം നടന്നിരുന്നതിനാൽ മിക്ക സ്ത്രീകളും നേരത്തേ തന്നെ വിധവകൾ ആയി. ലൈംഗിക സംതൃപ്തി ലഭിക്കാത്തതിനാൽ മിക്ക ഇല്ലങ്ങളിലും അധാർമ്മികവൃത്തികൾ അരങ്ങേറി. കുറേയേറെ താത്രിമാർ ഉണ്ടായി.
ഇത്തരം സാമൂഹികമായ അനാചാരങ്ങൾ കൊടികുത്തി വാഴുന്നിടത്താണ് വി.ടി. ഭട്ടതിരിപ്പാട് വേറിട്ട ഉൾക്കാഴ്ചയുമായി പ്രവേശിക്കുന്നത്. സമുദായത്തിലെ ഇത്തരം നീചമായ ആചാരങ്ങൾക്കെതിരെ അദ്ദേഹം യുദ്ധകാഹളം മുഴക്കി.

മൂസ്സ് നമ്പൂതിരിമാരുടെ (മൂത്തയാൾ) താഴെ വന്നിരുന്ന എല്ലാ നമ്പൂതിരി യുവാക്കളും അപ്ഫൻ നമ്പൂതിരി എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവർക്ക് ഉണും ഉറക്കവുമല്ലാതെ സ്വന്തം ഇല്ലത്ത് യാതൊരു ജോലിയോ, അധികാരമോ ഉണ്ടായിരുന്നില്ല. വിവാഹം നിഷിധമായ അവർ മറ്റു നായർ തറവാടുകളിൽ സംബന്ധം പുലർത്തിപോന്നതല്ലാതെ കുടുംബം സുഖം അനുഭവിച്ചിരുന്നില്ല. ഇത്തരത്തിൽ ഒരു അപ്ഫൻ നമ്പൂതിരിയായിരുന്നു വി.ടി.യും

വി.ടി.യുടെ ബാല്യകാലം ഒട്ടും ശോഭനമായിരുന്നില്ല. അത്രയൊന്നും സാമ്പത്തികമില്ലാത്ത ഒരില്ലത്താണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യകാലം കൂടുതലും പാതാക്കര മനയ്ക്കലും മുതുകുർശി മനയ്ക്കലുമായാണ് കഴിച്ചുകൂട്ടിയത്.വേദപഠനത്തിനു ശേഷം നിവൃത്തികേടുകൊണ്ട് അദ്ദേഹം മുണ്ടമുക ശാസ്താംകോവിലിലെ ശാന്തിക്കാരനാവേണ്ടി വന്നു. ഈ ജോലിയിൽ അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ വലിയ ഒരു തുക സ്ത്രീധനമായി വാങ്ങി വേളികഴിക്കുന്നതുവരെ തുടർന്നു. അങ്ങനെ ഇല്ലത്ത് സാമ്പത്തിക നില കൈവന്നപ്പോൾ അദ്ദേഹം ശാന്തിവൃത്തി ഉപേക്ഷിച്ചു പഠനം പുന:രാരംഭിച്ചു.

മുണ്ടമുകക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന കാലത്ത് ഒരു തിയ്യാടി പെൺകുട്ടിയിൽ നിന്ന് അക്ഷരാഭ്യാസം സ്വീകരിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതിതന്നെ തിരിച്ചുവിട്ടു .ആ സംഭവം. ഇത് അദ്ദേഹത്തിന്റെ കണ്ണുതുറപ്പിച്ചു. വായിക്കാനും അറിവുനേടാനുമുള്ള ആഗ്രഹം അദ്ദേഹത്തിൽ വളരാൻ ഇടയാക്കി. മറ്റൊരു സംഭവം മുണ്ടമുക ക്ഷേത്രത്തിൽ ശാന്തിയായിരിക്കുമ്പോൾ അവിടെയുള്ള അമ്മുക്കുട്ടി വാരസ്യാരുമായി പ്രേമത്തിലായതും എന്നാൽ അവളെ പെരുമനത്ത് നമ്പൂതിരി സംബന്ധം ചെയ്യാൻ തീരുമാനിച്ചതും അദ്ദേഹത്തിന്റെ മനസ്സിന് വലിയ ആഘാതം ഏൽപ്പിച്ചു.

കൂടുതൽ പഠിക്കാനായി വി.ടി. തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. ഇക്കാലത്ത് അദ്ദേഹം കേരളത്തിൽ വളർന്നു വന്നിരുന്ന പുരോഗമനവാദിയും വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാവുമായ കുട്ടൻ നമ്പൂതിരിപ്പാടിനെ പരിചയപ്പെടാൻ ഇടയായി. ‘ഉണ്ണി നമ്പൂതിരി‘ എന്ന യോഗക്ഷേമ മാസികയുടെ പത്രാധിപത്യത്തിൽ ഇരുന്നുകൊണ്ട് മിതവാദികൾക്കും യാഥാസ്ഥിതികർക്കും നേരേ പടവാൾ ഓങ്ങിയ ആൾ ആയിരുന്നു കുമാരമംഗലത്ത് കുട്ടൻ നമ്പൂതിരി. പിന്നീട് പാതാക്കരമനയ്ക്കൽ നമ്പൂതിരിപ്പാടിന്റെ നിർദ്ദേശമനുസരിച്ച് പെരിന്തൽമണ്ണ ഹൈസ്കൂളിൽ 1918-ൽ ഒന്നാം ക്ലാസിൽ ചേർന്നു പഠനം ആരംഭിച്ചു. എന്നാൽ ചരിത്രാദ്ധ്യാപകന്റെ അധിക്ഷേപത്തിന് ഉരുളക്കുപ്പേരി പോലെ മറുപടി നൽകിയതിന് അദ്ദേഹത്തെ സ്കൂളിൽ നിന്ന് പുറത്താക്കി.

1921 ൽ ഇടക്കുന്നി നമ്പൂതിരി വിദ്യാലയത്തിലാണ് തുടർന്ന് പഠിച്ചത്. എന്നാൽ അവിടേയും വി.ടി. യെ പഠനം തുടരാൻ സാഹചര്യങ്ങൾ അനുവദിച്ചില്ല. സ്വാതന്ത്ര്യ സമരാവേശം തലക്കുപിടിച്ച ചില സഹപാഠികളുമൊത്ത് വി.ടി. അഹമ്മദാബാദിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗസ്സ് പ്രവർത്തനത്തിനായി പോയി. അക്കാലത്ത് വിദേശത്ത് പോകുക എന്നത് തന്നെ നിഷിദ്ധമായിരുന്നു. ഏതായാലും വി.ടി. പ്രായശ്ചിത്തത്തിന് തയ്യാറാവാൻ വിസമ്മതിച്ചതു കൊണ്ട് പഠനം മുന്നോട്ടു കൊണ്ടുപോവാൻ സാധിക്കാതെ വന്നു.

1923-ൽ അദ്ദേഹം യോഗക്ഷേമം കമ്പനിയിൽ ഗുമസ്തനായി ജോലിക്ക് പ്രവേശിച്ചു. പിന്നീട് അദ്ദേഹത്തെ മംഗളോദയം കമ്പനിയിലേക്ക് മാറ്റി നിയമിക്കപ്പെട്ടു. ശ്രീ നാരായണഗുരു വിന്റെ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ആദർശത്തോട് ആദരവ് തോന്നാനും എസ്.എൻ.ഡി.പി. യോഗം എന്ന സംഘടനയോട് അടുപ്പം തോന്നാനും ഇക്കാലത്ത് അദ്ദേഹത്തിന് തോന്നിയിരുന്നു.ഇതേ കാലത്ത് തന്നെ അദ്ദേഹം പ്രസിദ്ധനായ സഖാവ് കെ.കെ. വാരിയർ എം.പി.യുമായി പരിചയത്തിലായി. അദ്ദേഹത്തിന് വിപ്ലവപ്രസ്ഥാനത്തിലേയ്ക്ക് വഴികാട്ടിയായി അദ്ദേഹം വർത്തിച്ചു.

യോഗക്ഷേമസഭക്കാരുടേയും നമ്പൂതിരി യുവജനസംഘത്തിന്റേയും ശ്രമഫലമായി വി.ടി. യും മറ്റും പ്രഹസനമെന്ന നിലയിൽ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്‘ എന്ന നാടകം. നമ്പൂതിരി വർഗ്ഗത്തിലെ സാമുദായിക അനാചാരങ്ങളെ പ്രഹസനവിധേയമാക്കുന്ന ആ നാടകം വിവിധ അരങ്ങുകളിൽ പ്രദർശിക്കപ്പെട്ടു. നിരവധി സ്ഥലങ്ങളിൽ നിന്ന് അദ്ദേഹത്തിന് എതിർപ്പുകൾ നേരിടേണ്ടതായി വന്നു. സ്വന്തം ഇല്ലത്ത് പ്രദർശിപ്പിച്ച വേളയിൽ സ്വന്തം സഹോദരൻ അദ്ദേഹത്തിന് നേരേ വധശ്രമം വരെ നടത്തുകയുണ്ടായി. പ്രദർശനം ഒരു വൻ വിജയമായിരുന്നു. പ്രദർശിപ്പിക്കപ്പെട്ട ഇല്ലങ്ങളിലെല്ലാം അന്തർജനങ്ങൾ മറക്കുള്ളിലിരുന്ന് നാടകം കണ്ടു. അവരെല്ലം ഉദ്ബുദ്ധരായി. നിരവധി സ്ഥലങ്ങളിൽ അന്തർജന സമാജങ്ങൾ രൂപം കൊണ്ടു.

വെള്ളത്തിരുത്തിത്താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്ന മുഴുവൻ പേര്. സാമൂഹ്യപ്രവർത്തകൻ, നാടകകൃത്ത്, കഥാകാരൻ.കേരളത്തിലെ നമ്പൂതിരി സമുദായത്തിന്റെ പരിഷ്കരണത്തിനു മുൻകൈയെടുത്തവരിൽ പ്രമുഖൻ. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലുറപ്പിക്കാൻ സാധിച്ച സാഹിത്യനായകൻ. ദുരാചാരങ്ങളുടെ അധ്യായം തിരുത്തിക്കുറിച്ച് അദ്ദേഹം സ്വാതന്ത്രസമരസേനാനി കൂടിയാണ്. പല പത്രങ്ങളുടെയും പത്രാധിപരായിരുന്നു.” കണ്ണീരും കിനാവും “ആത്മകഥയും പുരസ്കാരങ്ങൾ: കേരള സാഹിത്യ അക്കാദമി അവാർഡ് സ്മാരകങ്ങൾ,വി.ടി. ഭട്ടതിരിപ്പാട് സ്മാരക കലാലയം. മണ്ണമ്പറ്റ, പാലക്കാട് , വി. ടി. ട്രസ്റ്റ് അങ്കമാലി.“ അടുക്കളയിൽ നിന്ന് അരങ്ങത്തേയ്‌ക്ക് “എന്ന നാടകവും രജനീരംഗം വെടിവട്ടം തുടങ്ങിയ ധാരാളം കഥകളും ലേഖനങ്ങളും ഇദ്ദേഹത്തിന്റെതായുണ്ട്. 1982 ഫെബ്രുവരി 12ന് അന്തരിച്ചു.

തയ്യാറാക്കിയത് റിപ്പോർട്ടർ : ആനി ശദ്രക്ക്

NO COMMENTS