ഇന്ത്യക്കാര്‍ക്കും ഇനി ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസ

202

ദോഹ: ഖത്തറില്‍ ഇനി ഇന്ത്യക്കാര്‍ക്കും ഓണ്‍ അറൈവല്‍ വിസ ലഭിക്കും.ആഭ്യന്തരമന്ത്രാലയത്തിന്റെ സാങ്കേതികസംവിധാനങ്ങള്‍ പൂര്‍ത്തിയായാല്‍ ആഴ്ചകള്‍ക്കകം വിസകള്‍ അനുവദിച്ചു തുടങ്ങുമെന്ന് ഖത്തര്‍ എയര്‍വെയ്സ് സിഇഒ അക്ബര്‍ അല്‍ബേക്കര്‍ അറിയിച്ചു.നിലവില്‍ യു.എസ്, യു.കെ, ഫ്രാന്‍സ്, ഇറ്റലി, തുടങ്ങി 33 രാജ്യങ്ങള്‍ക്കാണ് ഖത്ത ഓണ്‍ അറൈവല്‍ വിസ അനുവദിക്കുന്നത്.ഇതിനുപുറമെ ജിസിസി രാജ്യങ്ങളിലെയും തുര്‍ക്കിയിലെയും പൗരന്മാര്‍ക്ക് വിസയില്ലാതെതന്നെ രാജ്യത്ത് പ്രവേശിക്കാനാവും. ജിസിസി രാജ്യങ്ങളില്‍ റസിഡന്‍സി വിസയുള്ള 201 വിഭാഗങ്ങളില്‍പെടുന്ന പ്രൊഫഷനലുകള്‍ക്കും ഓണ്‍ അറൈവല്‍ വിസ നല്‍കിവരുന്നുണ്ട്. ഒരുമാസത്തെ കാലാവധിയുള്ളതായിരിക്കും ഇത്തരം വിസകള്‍. വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് നേരത്തെയുള്ള 33 രാജ്യങ്ങള്‍ക്ക്പുറമെ ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാര്‍ക്കുകൂടി ഓണ്‍ അറൈവല്‍ വിസകള്‍ അനുവദിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതനുസരിച്ച്‌ ഇന്ത്യയില്‍നിന്ന് ഓണ്‍ലൈന്‍വഴി അപേക്ഷിക്കുന്നവര്‍ക്ക് 48 മണിക്കൂറിനകം വിസ അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓണ്‍ലൈന്‍വഴി പരിശോധിക്കാനും സംവിധാനമുണ്ടാവും. ഓണ്‍ലൈന്‍ വിസ സംവിധാനത്തിനായി വിസ പ്രോസസിംഗ് സ്ഥാപനമായ വിഎഫ്‌എസ് ഗ്ലോബലുമായി ഖത്തര്‍ എയര്‍വെയ്സും ആഭ്യന്തര മന്ത്രാലയവും കരാറില്‍ ഒപ്പുവെച്ചു.ഓണ്‍ അറൈവല്‍ വിസ സംവിധാനം നടപ്പിലാകുന്നതോടെ മലയാളികള്‍ക്ക്‌ഒരുമാസത്തേക്കാണെങ്കിലും കുടുംബത്തെ കൊണ്ടുവരാന്‍ എളുപ്പമാകും. ഇതിനായി വാടകകരാര്‍ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പകര്‍പ്പുകൂടി കുടുംബാംഗങ്ങളെകൊണ്ടുവരുന്നതിനുള്ള അപേക്ഷയോടൊപ്പം വെച്ചാല്‍ മതിയാവും. നിലവില്‍ ട്രാവല്‍ ഏജന്‍സികള്‍ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്താണ് പലരും കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള സന്ദര്‍ശക വിസ സംഘടിപ്പിക്കുന്നത്. ഒരു വിസയില്‍ ചുരുങ്ങിയത് 200 ഖത്തര്‍ റിയാലെങ്കിലും അധികം ഈടാക്കിയാണ് ട്രാവല്‍ ഏജന്റുമാര്‍ ഇത്തരം വിസകള്‍ നല്‍കുന്നത്. ഓണ്‍ അറൈവല്‍ വിസകള്‍ അനുവദിക്കുന്നതോടെ സന്ദര്‍ശക വിസകള്‍ എടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാകും.

NO COMMENTS

LEAVE A REPLY