വിരാട് കോലിയെ പിന്നിലാക്കി ദുല്‍ഖര്‍ സല്‍മാന്‍

488

മുംബൈ: ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള അമ്ബത് യുവാക്കളുടെ പട്ടികയില്‍ ദുല്‍ഖര്‍ സല്‍മാന്‍ നാലാം സ്ഥാനത്ത്. പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ജിക്യു മാഗസിന്‍ പുറത്തിറക്കിയ പട്ടികയിലാണ് ക്രിക്കറ്റ് താരം വിരാട് കോലി, ബോളിവുഡ് നടനായ രണ്‍വീര്‍ സിങ് എന്നിവരെ പിന്തള്ളി ദുല്‍ഖര്‍ നാലാമതെത്തിയത്. ഓണ്‍ലൈന്‍ വിനോദ ശൃംഖലയായ ദി വൈറില്‍ ഫീവറിന്റെ മേധാവിയായ അരുണാബ് കുമാറും ക്രിയേറ്റീവ് ഡയറക്ടറായ ബിശ്വപതി സര്‍ക്കാരുമാണ് പട്ടികയില്‍ ഒന്നാമത്. എ ആര്‍ റഹ്മാന്‍ പാട്ടുകളിലൂടെ കോളിവുഡിലും ബോളിവുഡിലും തരംഗം സൃഷ്ടിച്ച മലയാളി ഗായകന്‍ ബെന്നി ദയാലാണ് രണ്ടാമന്‍. ബ്ലോട്ട് ( ബേസിക് ലൗവ് ഓഫ് തിംഗ്സ്) എന്ന ബ്രാന്‍ഡില്‍ അറിയപ്പെടുന്ന ഡിജെവിജെ കൂട്ടുകെട്ടിലെ ഗൗരവ് മലേക്കറും അവിനാശ് കുമാറുമാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ശ്രദ്ധേയമായ കാഥാപാത്രങ്ങള്‍ ചെയ്ത് ഒരുപാട് ആരാധകരെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സൃഷ്ടിച്ചിരിക്കുന്നത്. അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോയിലെ അഭിനയത്തിന് ഫിലിം ഫെയര്‍ പുരസ്കാരവും ലഭിച്ചിരുന്നു. 2015 ല്‍ പുറത്തിറങ്ങിയ മണിരത്നം ചിത്രമായ ഓക്കെ കണ്‍മണിയാണ് ദുല്‍ഖറിനെ തെക്കേ ഇന്ത്യയില്‍ പ്രശസ്തനാക്കുന്നത്. ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടത്തെ കുറിച്ച്‌ മാസിക പ്രത്യേകം പരാമര്‍ശിക്കുന്നു. ഓക്കെ കണ്‍മണിയുടെ ഹിന്ദി പതിപ്പ് ആദിത്യ റോയ് കപൂറിനെ നായകനാക്കി കരണ്‍ ജോഹര്‍ നിര്‍മിക്കുന്നുമുണ്ട്. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ പ്രകടനത്തെക്കുറിച്ച്‌ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് നടത്തിയ പരാമര്‍ശങ്ങള്‍ ദുല്‍ഖറിനെ ബോളിവുഡിലെത്തിക്കുമോ എന്നും മാഗസിന്‍ ചോദിക്കുന്നു. സ്ട്രീറ്റ് ആര്‍ടിസ്റ്റായ ഹനീഫ് ഖുറേഷി അഞ്ചാം സ്ഥാനത്തും ബോളിവുഡ് താരം രണ്‍വീര്‍ സിങ് പട്ടികയില്‍ ആറാം സ്ഥാനത്തുമാണ്. സിനിമാ നിരൂപകരുടെ പ്രശംസ നേടിയ ദി ലഞ്ച് ബോക്സ് സംവിധാനം ചെയ്ത റിതേഷ് ബത്രയാണ് ഏഴാം സ്ഥാനത്ത്. ഫുട്ബോള്‍ താരം സുനില്‍ ഛേത്രിയാണ് എട്ടാം സ്ഥാനത്ത്. ക്രിക്കറ്റ് താരം വിരാട് കോലി, സാഹേജ് ബക്ഷി തുടങ്ങിയവരാണ് യഥാക്രമം ഒന്‍പത്, പത്ത് സ്ഥാനങ്ങളില്‍.
Dailyhunt

NO COMMENTS

LEAVE A REPLY