വികസനവും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട്.ഏതെങ്കിലും തെറ്റായ രീതിയിലൂടെ വഴിമുടക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരുടെ ഉദ്ദേശ്യം സാധിച്ചുകൊടുക്കാന്‍ നില്‍ക്കില്ല ; മുഖ്യമന്ത്രി പിണറായി വിജയന്‍.

200

പരപ്പനങ്ങാടി : വികസനത്തിലും ക്ഷേമപദ്ധതികളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ‌് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനിടക്ക‌് ഉയര്‍ന്നുവരുന്ന ചില പ്രശ‌്നങ്ങളോ ശ്രദ്ധതിരിച്ചുവിടാനായി ഉയര്‍ത്തുന്ന ആരോപണങ്ങളോ ഉണ്ടായാല്‍ അതിന്റെയൊക്കെ പിന്നാലെ പോകാനല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത‌്. അത‌് ആ വഴിക്കുപോകും.

വികസനവും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ അതിന്റെ വഴിക്കും പോകും. ഏതെങ്കിലും തരത്തിലുള്ള, തെറ്റായ രീതിയിലൂടെ വഴിമുടക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരുടെ ഉദ്ദേശ്യം സാധിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ നില്‍ക്കില്ല. പരപ്പനങ്ങാടി മത്സ്യബന്ധന തുറമുഖത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.വികസനപദ്ധതിയുടെ മേല്‍നോട്ടവും കാര്യക്ഷമതയും ഉറപ്പാക്കാനുള്ള പ്രവര്‍ത്തനം തുടരും. ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും‌. മതനിരപേക്ഷതയും സാഹോദര്യവും ഐക്യവും നിലനിര്‍ത്തി വികസന പദ്ധതികളിലൂടെ പുരോഗതി ഉറപ്പാക്കാനാണ‌് ശ്രമം.

മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയും സാമ്ബത്തികസുരക്ഷയും സംരക്ഷിക്കാനുള്ള നടപടികളാണ‌് സര്‍ക്കാര്‍ സ്വീകരിക്കുന്നത‌്. ഓഖി ദുരന്തത്തെ തുടര്‍ന്ന‌് പ്രഖ്യാപിച്ച 2000 കോടിയുടെ തീരദേശ പാക്കേജ്‌ റീബില്‍ഡ‌് കേരളയുടെ ഭാഗമായി നല്ലനിലയില്‍ നടപ്പാക്കും. ഈ വര്‍ഷത്തെ ബജറ്റ‌് തീരദേശത്ത‌് 1000 കോടി രൂപ ചെലവഴിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ട‌്. മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാണ‌് ശ്രമം. മത്സ്യബന്ധന നിയമം സമഗ്രമായി പരിഷ‌്കരിച്ചു. പെന്‍ഷന്‍ ഇരട്ടിയാക്കി.

ആശ്വാസധനം 2800 ആയിരുന്നത്‌ 4500 ആക്കി. അപകട ഇന്‍ഷുറന്‍സ‌് അഞ്ചു ലക്ഷത്തില്‍നിന്ന‌് പത്തു ലക്ഷമാക്കി. സൗജന്യ ലൈഫ‌്ജാക്കറ്റ‌് നല്‍കും. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ‌് ഏര്‍പ്പെടുത്തി. നാവിക‌് സുരക്ഷ ഉപകരണം വിതരണം തുടങ്ങി. കടലാക്രമണത്തില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പാക്കേജ‌് നടപ്പാക്കുന്നു. സ്ഥലം വാങ്ങുന്നതിനും വീടുവയ‌്ക്കുന്നതിനും പത്തുലക്ഷം രൂപവരെ ധനസഹായം നല്‍കുന്നു. 4500 വീടുകള്‍ ഈ പദ്ധതിയില്‍ പുനരുദ്ധരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NO COMMENTS