സ്വത്ത് കണ്ടുകെട്ടിയതില്‍ ദുഃഖമുണ്ട്: വിജയ് മല്യ

249

ലണ്ടന്‍ • കടം തിരിച്ചടയ്ക്കാത്ത കേസില്‍ സ്വത്ത് കണ്ടുകെട്ടിയതില്‍ ദുഃഖമുണ്ടെന്ന് വിവാദ മദ്യവ്യവസായി വിജയ് മല്യ. ബാങ്ക് വായ്പ ദുരുപയോഗം ചെയ്തിട്ടില്ല. ഉപയോഗിച്ചത് നിയമപരമായ ബിസിനസ് ആവശ്യങ്ങള്‍ക്ക് മാത്രമാണ്. അന്വേഷണം പൂര്‍ത്തിയാകും മുന്‍പേ തന്നെ കുറ്റക്കാരനായി മുദ്രകുത്തുകയാണെന്നും ലണ്ടനില്‍ കഴിയുന്ന മല്യ പറഞ്ഞു. ശനിയാഴ്ചയാണ് വിജയ് മല്യയുടെ 1411 കോടിരൂപ വിലവരുന്ന സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ഐഡിബിഐ ബാങ്കില്‍ നിന്നെടുത്ത 900 കോടി രൂപയുടെ കടം തിരിച്ചടയ്ക്കാത്ത കേസിലാണു നടപടി.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയെ ശക്തമായ ഭാഷയില്‍ മല്യ കുറ്റപ്പെടുത്തി.
ഇവരുടെ നടപടിക്ക് യാതൊരു നിയമസാധുതയും ഇല്ല. താന്‍ ഒളിച്ചോടിയെന്ന് എന്തടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിക്കുകയെന്ന് മനസിലാകുന്നില്ല. എന്റെ ഭാഗം പറയാന്‍ അവസരം നല്‍കിയില്ലെന്നും മല്യ പ്രസ്താവനയില്‍ അറിയിച്ചു.
ബാങ്ക് അക്കൗണ്ടിലുള്ള 34 കോടി രൂപ, ബെംഗളൂരുവിലും മുംബൈയിലുമുള്ള ഫ്ലാറ്റുകള്‍, ചെന്നൈയിലുള്ള വ്യാവസായിക ആവശ്യത്തിനുള്ള ഭൂമി, കൂര്‍ഗിലെ കാപ്പിത്തോട്ടം, ബെംഗളൂരുവിലുള്ള യുബി സിറ്റി, കിങ് ഫിഷര്‍ ടവര്‍ എന്നിവയാണു കണ്ടുകെട്ടിയത്.
കിങ്ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടി ബാങ്കുകളില്‍ നിന്നെടുത്ത 9000 കോടി രൂപ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനു മല്യയ്ക്കെതിരെ സിബിഐ കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്നു മാര്‍ച്ച്‌ രണ്ടിനാണു വിജയ് മല്യ രാജ്യം വിട്ടത്. രാജ്യസഭാംഗമായിരുന്ന മല്യ തന്റെ നയതന്ത്ര പാസ്പോര്‍ട്ട് ഉപയോഗിച്ചാണു മുങ്ങിയത്.
കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ സാമ്ബത്തിക ഇടപാടുകളെപ്പറ്റിയും ബാങ്കുകളില്‍ നിന്നു കടമെടുത്തതിന്റെ പിന്നില്‍ അഴിമതി ഉണ്ടോ എന്നും സിബിഐ അന്വേഷണം നടത്തുകയാണ്. ഇംഗ്ലണ്ടില്‍ നിന്നു മല്യയെ കൊണ്ടുവരാന്‍ ഇന്റര്‍പോളിന്റെ സഹായവും സിബിഐ തേടിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY