പിടികിട്ടാപ്പുള്ളി ഇന്ത്യൻ ഹൈക്കമ്മീഷണർ പങ്കെടുത്ത ചടങ്ങിൽ!

156

ന്യൂഡൽഹി∙ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന വിജയ് മല്യ ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ പങ്കെടുത്ത ചടങ്ങിലെത്തിയത് വിവാദമാകുന്നു. മാധ്യമപ്രവർത്തകൻ സണ്ണി സെന്നും എഴുത്തുകാരൻ സുഹൽ സേത്തും ചേർന്നെഴുതിയ Mantras for Success: India’s Greatest CEOs Tell You How to Win എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് മല്യയെ കണ്ടത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽവച്ച് നടത്തിയ ചടങ്ങിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ നവ്തേജ് സർണയും സന്നിഹിതനായിരുന്നു.
അതേസമയം, പുസ്തകപ്രകാശന ചടങ്ങിലേക്ക് എല്ലാവർക്കും പ്രവേശനമുണ്ടായിരുന്നുവെന്നും ആർക്കും പ്രത്യേക ക്ഷണം നൽകിയിട്ടില്ലെന്നു സുഹൽ സേത് പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ ചടങ്ങിന്റെ വിവരങ്ങൾ നൽകിയിരുന്നു. താൽപര്യമുള്ളവർക്കെല്ലാം ഇതിൽ പങ്കെടുക്കാമായിരുന്നു. ചടങ്ങിനിടെ വിജയ് മല്യയെ കണ്ടയുടൻ ഹൈക്കമ്മിഷണർ നീരസം പ്രകടിപ്പിച്ചതിനുശേഷം സ്ഥലം വിട്ടുവെന്നും സേത് പറഞ്ഞു.

കഴിഞ്ഞ ദിവസം മുംബൈയിലെ പ്രത്യേക കോടതിയാണ് വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. 17 ബാങ്കുകളിൽ നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഭ്യർഥനയനുസരിച്ചായിരുന്നു നടപടി.

കിങ്ഫിഷർ എയർലൈൻസിന്റെ സാമ്പത്തിക ഇടപാടുകളും ബാങ്ക് വായ്പകളും സംബന്ധിച്ചു സിബിഐ അന്വേഷണം ആരംഭിച്ചതിനു പിന്നാലെ മാർച്ച് രണ്ടിനാണു മല്യ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യ വിട്ടത്. ലണ്ടനിൽ കഴിയുന്ന മല്യയെ പിടികൂടാൻ ഇഡി രാജ്യാന്തര അന്വേഷണ ഏജൻസിയായ ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്. നാടുകടത്താൻ നേരത്തേ ബ്രിട്ടനോട് അഭ്യർഥിച്ചെങ്കിലും നിയമപരമായ തടസ്സമുണ്ടെന്ന മറുപടിയാണു ലഭിച്ചത്. എന്നാൽ കുറ്റവാളികളെ കൈമാറാൻ ഇന്ത്യയും ബ്രിട്ടനും തമ്മിൽ നിലവിലുള്ള കരാർപ്രകാരം മല്യയെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ തുടരുകയാണ്.

NO COMMENTS

LEAVE A REPLY