വിജിലന്‍സ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നിയമനങ്ങള്‍ പരിശോധിക്കും

189

തിരുവനന്തപുരം: ബന്ധു നിയമനം സംബന്ധിച്ച്‌ വിജിലന്‍സ് നടത്തുന്ന അന്വേഷണത്തില്‍ ഇ.പി ജയരാജനെ കൂടാതെ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ നിയമനങ്ങളും ഉള്‍പ്പെടുത്താന്‍ തീരുമാനം. ഇതിനായി അന്വേഷണ സംഘത്തെ വിപുലീകരിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ നിയമനങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ബന്ധു നിയമനങ്ങള്‍ സംബന്ധിച്ച്‌ കോടതിയിലും വിജിലന്‍സിനും നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് പരാതികള്‍ പ്രത്യേകം അന്വേഷിക്കുന്നതിനു പകരം ഒറ്റ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ തിരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 16 നിയമനങ്ങളെക്കുറിച്ചാണ് പരാതി ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം വിജിലന്‍സ് സ്പെഷല്‍ യൂണിറ്റ് രണ്ടിന് ആണ് കഴിഞ്ഞ ദിവസം അന്വേഷണ ചുമതല നല്‍കിയിരുന്നത്. വിജിലന്‍സ് എസ്.പി കെ.ജയകുമാറിനാണ് അന്വേഷണ ചുമതല. എസ്.പിയെ കൂടാതെ ഇപ്പോള്‍ രണ്ട് ഡിവൈഎസ്പി, ഒരു സിഐ എന്നിവരെയും ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചിരിക്കുന്നത്. ത്വരിതപരിശോധന നടത്തേണ്ട ഗൗരവം ജയരാജനെതിരായ പരാതികളിലുണ്ടെന്ന് വിജിലന്‍സ് അധികൃതര്‍ക്ക് പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണ സംഘത്തെ നിയോഗിച്ചത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവരുമാണ് ജയരാജനെതിരെ വിജിലന്‍സിനെ സമീപിച്ചത്.

NO COMMENTS

LEAVE A REPLY