തെരഞ്ഞെടുപ്പിൽ തോറ്റതിന് ഇലക്ടോണിക് വോട്ടിംഗ് യന്ത്രത്തെ പഴിച്ചിട്ട് കാര്യമില്ലെന്ന് കോൺഗ്രസ് നേതാവ് വീരപ്പ മൊയ്‍ലി

234

തെരഞ്ഞെടുപ്പിൽ തോറ്റതിന് ഇലക്ടോണിക് വോട്ടിംഗ് യന്ത്രത്തെ പഴിച്ചിട്ട് കാര്യമില്ലെന്ന് കോൺഗ്രസ് നേതാവ് വീരപ്പ മൊയ്‍ലി. വോട്ടിംഗ് യന്ത്രം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷപാർട്ടികൾ ഇന്ന് രാഷ്ട്രപതിയെ കാണാനിരിക്കെയാണ് മൊയ്‍ലിയുടെ പ്രസ്താവന. ഇലക്ടോണിക് വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടക്കുന്നതിനാൽ ഇത് പൂർണ്ണമായും ഒഴിവാക്കണമെന്ന നിലപാടിലാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷപാർട്ടികൾ. ഇക്കാര്യം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്നുച്ചക്ക് 16 പ്രതിപക്ഷപാർട്ടിനേതാക്കൾ രാഷ്‍ട്രപതിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനിടയിലാണ് പാർട്ടി നിലപാട് തള്ളി കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വീരപ്പ മൊയ്‍ലി രംഗത്തെത്തിയത്. തോറ്റവർ മാത്രമാണ് വോട്ടിംഗ് യന്ത്രത്തെ കുറ്റം പറയുന്നതെന്ന വീരപ്പ മൊയ്‍ലിയുടെ പ്രസ്താവന കോൺഗ്രസിന് പുതിയ തലവേദനയായി. വോട്ടിംഗ് യന്ത്രം ഒഴിവാക്കണമെന്ന് പി ചിദംബരവും ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീരപ്പ മൊയ്‍ലിയുടെ പ്രസ്താവന. വോട്ടിംഗ് യന്ത്രത്തെക്കുറിച്ചുള്ള പരാതികൾ ചർച്ച ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ സർവ്വകക്ഷിയോഗം വിളിക്കാനിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY