സോഷ്യലിസ്റ്റ് – തൊഴിലാളി നേതാവും പ്രമുഖ മാധ്യമപ്രവർത്തകനുമായിരുന്ന വർഗീസ് മേച്ചേരി അന്തരിച്ചു

167

തൃശൂർ∙ സോഷ്യലിസ്റ്റ് – തൊഴിലാളി നേതാവും പ്രമുഖ മാധ്യമപ്രവർത്തകനുമായിരുന്ന വർഗീസ് മേച്ചേരി (85) അന്തരിച്ചു. സംസ്കാരം നാളെ വൈകിട്ട് നാലിന് വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. ഹൃദയാഘാതത്തേത്തുടർന്നു ചികിൽസയിലിരിക്കെ തൃശൂർ മദർ ആശുപത്രിയിലാണ് അന്ത്യം. വലപ്പാട് ഗ്രാമത്തിൽ ആലപ്പാട്ട് മേച്ചേരി താരു–മറിയം ദമ്പതികളുടെ മകനായി 1931 ജൂലൈ 20നാണു ജനനം.

കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ മുഖപത്രമായി ഫാ. വടക്കൻ, തൃശൂരിൽനിന്നാരംഭിച്ച ‘തൊഴിലാളി’ വാരികയിലൂടെയാണ് മേച്ചേരി പ്രവർത്തനമാരംഭിച്ചത്. പിന്നീട് ‘തൊഴിലാളി’ ദിനപത്രമായപ്പോൾ അദ്ദേഹം ചീഫ് എഡിറ്റർ പദവി വരെ വഹിച്ചു. ‘പ്രോഗ്രസ്’ എന്ന പേരിൽ സ്വന്തമായൊരു പ്രസിദ്ധീകരണവും നടത്തി. ഇടക്കാലത്തു മനോരമയ്ക്കു വേണ്ടി പ്രവർത്തിച്ച അദ്ദേഹം ‘ഉണരാത്ത ഗ്രാമങ്ങൾ’ എന്ന പേരിൽ ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും പര്യടനം നടത്തി പ്രസിദ്ധീകരിച്ച വാർത്താ പരമ്പര വലിയ ശ്രദ്ധ നേടിയിരുന്നു.

തൃശൂർ പ്രസ് ക്ലബ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് ബേസിക് ഹെൽത്ത് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, മണ്ണുത്തി ഫാം വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ്, തൃശൂർ ഷോപ് എംപ്ലോയീസ് യൂണിയൻ സെക്രട്ടറി, കൊക്കാല അരിക്കനെട്ട് കമ്മിഷൻ ഏജന്റ്സ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ്, ജില്ലാ സ്വതന്ത്ര ബീഡിത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കർഷക തൊഴിലാളി പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന മേച്ചേരി മൂന്നു പ്രാവശ്യം നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും വിജയിച്ചില്ല. 1970ൽ മാളയിൽ കെ. കരുണാകരനെതിരെ മൽസരിച്ചു പരാജയപ്പെട്ടത് 121 വോട്ടുകൾക്കാണ്. പത്രപ്രവർത്തകരുടെ സംഘടനയുടെ നേതൃത്വവും പലതവണ വഹിച്ചിട്ടുണ്ട്. ആറു ഗ്രന്ഥങ്ങൾ എഴുതി.

വിഎസ് കേരളീയൻ അവാർഡ്, യുഎഇ വലപ്പാട് വെൽഫെയർ അസോസിയേഷൻ മാധ്യമ അവാർഡ്, മേരി വിജയം അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും തേടിയെത്തി. ആലീസാണ് ഭാര്യ. ബെറ്റ്സി, ലൗസി, ടി.വി.പ്രോഗ്രാം പ്രൊഡ്യൂസർ ഷാജി വർഗീസ്, ഗായകനും പുല്ലാങ്കുഴൽ വാദകനുമായ റോജി വർഗീസ്, സംഗീത സംവിധായകനും മോഹനവീണാ വിദഗ്ധനുമായ പോളി വർഗീസ് എന്നിവരാണ് മക്കൾ.