ചെന്നൈ • വര്‍ധ ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 18 ആയി. മരണപെട്ടവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. ദുരിതബാധിതര്‍ക്ക് 10 കിലോ അരിയും അവശ്യസാധനങ്ങളും നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ചെന്നൈയിലും തിരുവള്ളൂരിലും അഞ്ചു പേര്‍ വീതമാണ് മരിച്ചത്. നാലുപേര്‍ കാഞ്ചീപുരത്തും രണ്ടു പേര്‍ തിരുന്നെല്‍വേലിയിലും മരിച്ചു. വില്ലുപുരത്തും നാഗപട്ടണത്തും ഒാരോരുത്തരും മരിച്ചുവെന്ന് സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. അണ്ണാ സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ചെന്നൈയില്‍ മാത്രം ആയിരം കോടി രൂപയുടെ നാശ നഷ്ടങ്ങളുണ്ടായതായാണ് വിലയിരുത്തല്‍. വ്യോമ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും റോഡ്, റെയില്‍ ഗതാഗതം സാധാരണ നിലയിലായിട്ടില്ല. കേരളത്തിലേയ്ക്ക് പുറപ്പെടേണ്ട എഗ്മോര്‍ കൊല്ലം ശബരിമല എക്സ്പ്രസ് റദ്ദാക്കി. റെയില്‍ പാളങ്ങളുടെ അറ്റകുറ്റപണി പൂര്‍ത്തീകരിയ്ക്കാനാകാത്തതിനാല്‍ ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ട 33 ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. സബര്‍ബന്‍ ട്രെയിനും മെട്രോ ട്രെയിനും സര്‍വീസ് നടത്തി. റോഡുകളിലെ വെള്ളക്കെട്ട് പമ്പ് ഉപയോഗിച്ച് നീക്കം ചെയ്തു. പതിനായിരത്തിലധികം വൈദ്യുതി കാലുകള്‍ പൊട്ടി വീണു. 450 ലധികം ട്രാന്‍സ്ഫോര്‍മറുകള്‍ കേടായി. ഇവ മാറ്റിക്കൊണ്ടിരിയ്ക്കുകയാണ്. ചെന്നൈ നഗരത്തില്‍ പലയിടത്തും വൈദ്യുതി എത്തിയെങ്കിലും ഉള്‍പ്രദേശങ്ങളിലേയ്ക്ക് വൈദ്യുതി എത്തിയ്ക്കാനായിട്ടില്ല. 13,000 ആളുകളാണ് നൂറിലധികം ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നത്.