ഡച്ച് ടൂറിസം മേളയില്‍ ആകര്‍ഷണമായി കേരളം

208

തിരുവനന്തപുരം: നെതര്‍ലാന്‍ഡ്‌സിലെ ഏറ്റവും വലിയ ടൂറിസം വ്യാപാര മേളയിലെ ആകര്‍ഷണമായി കേരളാ ടൂറിസത്തിന്റെ പവിലിയന്‍. ഡച്ച് നഗരമായ ഉത്രെക്റ്റില്‍ എല്ലാ വര്‍ഷവും ജനുവരി രണ്ടാംവാരം നടക്കുന്ന വാകന്‍ഡിബ്യൂഴ്‌സ്് മേളയില്‍ ആദ്യമായാണ് കേരളത്തിന്റെ പങ്കാളിത്തം ഉണ്ടാവുന്നത്.

ജനുവരി 10 മുതല്‍ 15വരെ നടന്ന വാകന്‍ഡിബ്യൂഴ്‌സ്്-2017 പതിപ്പില്‍ പങ്കെടുത്തവരില്‍നിന്ന് 201819 വര്‍ഷങ്ങളിലേക്കായി കേരളം സന്ദര്‍ശിക്കുന്നത് സംബന്ധിച്ച നിരവധി അന്വേഷണങ്ങളാണെത്തിയത്. കേരളത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ പതിനൊന്നാം സ്ഥാനമാണ് നെതര്‍ലാന്‍ഡ്‌സിനുള്ളതെന്ന് ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 2015ല്‍ 22,276 ഡച്ച് പൗര•ാരാണ് കേരളം സന്ദര്‍ശിച്ചത്. 2010-നെ അപേക്ഷിച്ച് 40 ശതമാനം വിപണി വളര്‍ച്ചയാണിത്. ഡച്ച് സന്ദര്‍ശകവിപണിയില്‍ വടക്കേ ഇന്ത്യയാണ് തെന്നിന്ത്യയെ അപേക്ഷിച്ച് കൂടുതല്‍ അറിയപ്പെടുന്നത്. മേളയില്‍ കേരള ടൂറിസത്തിന്റെ പങ്കാളിത്തം ഉത്തരേന്ത്യന്‍ ലക്ഷ്യസ്ഥാനങ്ങളുമായും, ശ്രീലങ്ക, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുമായും ഡച്ച് വിപണിയുടെ ഓഹരിയ്ക്കായി മത്സരിക്കുന്നതിന് സംസ്ഥാനത്തെ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘സ്ലോ ഡൗണ്‍ ഇന്‍ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’ എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് കേരളാ ടൂറിസത്തിന്റെ പവിലിയന്‍ ഒരുക്കിയിരുന്നത്. കായലോര ഗ്രാമദൃശ്യങ്ങളും ആയൂര്‍വേദ സൗഖ്യചികിത്സകളും ഉള്‍പ്പെടെ കേരളത്തിന്റെ വിശ്രമ-വിനോദ സവിശേഷതകള്‍ പ്രദര്‍ശനത്തിനെത്തി. ഡച്ച് ജനത യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നവരാണെന്നും പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ സംബന്ധിച്ച വിവരം ശേഖരിക്കുന്നതില്‍ താത്പര്യമുള്ളവരാണെന്നും ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു വി. പറഞ്ഞു. മേളയില്‍ കേരള ടൂറിസം പങ്കെടുത്തത് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് വലിയ തോതില്‍ സഹായിക്കും. മേളയില്‍ നിരവധി അന്വേഷണങ്ങളുണ്ടായത് വരുംവര്‍ഷങ്ങളില്‍ കേരളത്തിന് പ്രതീക്ഷ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നെതര്‍ലാന്‍ഡ്‌സിലെ തെരഞ്ഞെടുക്കപ്പെട്ട ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി കേരളത്തിന്റെ സവിശേഷതകളെ അറിയാന്‍ ടൂറുകള്‍ സംഘടിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശ്രീ യു.വി ജോസ് പറഞ്ഞു. ഇതുകൂടാതെ ടൂറിസ്റ്റുകള്‍ക്കായി ഡച്ച് ഭാഷയില്‍ ലഘുലേഖകളും വിതരണം ചെയ്യും. മുംബൈയില്‍നിന്നും ഡല്‍ഹിയില്‍നിന്നും ജെറ്റ് എയര്‍വേയ്‌സ് നേരിട്ട് ആംസ്റ്റര്‍ഡാമിലേക്ക് വിമാനസര്‍വീസ് നടത്തുന്നതിനാല്‍ കേരള വിനോദസഞ്ചാരവിപണിക്ക് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഇതുകൂടാതെ ഒരു ദക്ഷിണേന്ത്യന്‍ നഗരത്തില്‍നിന്ന് നേരിട്ട് ആംസ്റ്റര്‍ഡാമിലേക്ക് വിമാനസര്‍വീസ് ആരംഭിക്കാനുള്ള ജെറ്റ് എയര്‍വേയ്‌സിന്റെ പദ്ധതി കേരള ടൂറിസത്തെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നെതര്‍ലാന്‍ഡ്‌സിലെ ഇന്ത്യന്‍ സ്ഥാനപതി ശ്രീ. ജെ.എസ്. മുകുള്‍, ഉത്രെക്റ്റ് മേയര്‍ ജെ.എച്ച്.സി വാന്‍ സീന്‍ എന്നിവര്‍ കേരള പവിലിയന്‍ സന്ദര്‍ശിച്ചിരുന്നു. നെതര്‍ലാന്‍ഡ്‌സില്‍ കേരളത്തിന്റെ പ്രചാരണത്തിനായി എല്ലാ സഹായവും ഇരുവരും വാഗ്ദാനം ചെയ്തു. വാകന്‍ഡിബ്യൂഴ്‌സ്് 2017ല്‍ 1,08,779 പേര്‍ സന്ദര്‍ശകരായെത്തി. 64 ശതമാനം സന്ദര്‍ശകര്‍ ഇനിയും ബുക്ക് ചെയ്യാത്ത അവധിക്കാലയാത്രകള്‍ സംബന്ധിച്ച വിവരശേഖരണത്തിനായി മേളയിലെത്തിയപ്പോള്‍ 54 ശതമാനം സന്ദര്‍ശകര്‍ പുതിയ വിനോദസഞ്ചാര ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്തുന്നതിനായാണ് മേളയില്‍ പങ്കെടുത്തത്. പതിനെട്ട് ചതുരശ്ര മീറ്റര്‍ വലിപ്പത്തിലുള്ള പവിലിയനില്‍ കേരള ടൂറിസത്തിനൊപ്പം കുമരകം ലേക്ക് റിസോര്‍ട്ട്, പയനിയര്‍ പേഴ്‌സണലൈസ്ഡ് ഹോളിഡേയ്‌സ്, സ്‌പൈസ്‌ലാന്‍ഡ് ഹോളിഡേയ്‌സ് എന്നീ സഹപ്രദര്‍ശകരും പങ്കെടുത്തു. കേരള സംഘത്തെ കേരള ടൂറിസം മാര്‍ക്കറ്റിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. അനില്‍ വി.എസ്. നയിച്ചു.

NO COMMENTS

LEAVE A REPLY