സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കും

215

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിരോധ വാക്‌സിനുകള്‍ക്കെതിരായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
സംസ്ഥാനത്തെ കുട്ടികളുടെ രോഗപ്രതിരോധ ശേഷിയേക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വാക്‌സിനേഷന്‍ എടുത്തവര്‍, എടുക്കാത്തവര്‍, പൂര്‍ത്തിയാക്കാത്തവര്‍, വാക്‌സിനേഷനേക്കുറിച്ച് അറിവില്ലാത്തവര്‍ എന്നിങ്ങനെ തരംതിരിച്ച് കണക്കെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് കണക്കെടുപ്പ് നടത്തുക. അതാത് സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കാണ് ഇതിന്റെ ചുമതല. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഒരുമാസത്തിനകം കണക്കെടുപ്പ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
കുട്ടികളുടെ രോഗപ്രതിരോധത്തെ ബാധിക്കുന്ന തരത്തില്‍ ഗുരുതര രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന വാക്‌സിനുകള്‍ക്കെതിരെ ശക്തമായ പ്രചാരണം സംസ്ഥാനത്ത് ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി എടുക്കുന്നത്. സംസ്ഥാനത്ത് നിന്ന് തുടച്ച് നീക്കിയ രോഗങ്ങള്‍ വാക്‌സിനേഷന്റെ അഭാവം മൂലം വീണ്ടും പ്രത്യക്ഷപ്പെടുന്നതും നടപടിക്ക് കാരണമായി.