ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷനായി വി.എസ്.അച്യുതാനന്ദന്‍ ചുമതലയേറ്റില്ല

172

തിരുവനന്തപുരം • ഭരണപരിഷ്കാര കമ്മിഷന്‍ രൂപീകരിച്ച്‌ ഉത്തരവിറങ്ങിയിട്ടും അധ്യക്ഷനായി വി.എസ്.അച്യുതാനന്ദന്‍ ചുമതലയേറ്റില്ല. എന്തുകൊണ്ട് ചുമതലയേല്‍ക്കുന്നില്ലായെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, പ്രഖ്യാപിച്ചവരോട് തന്നെ ഇതിന്റെ കാരണം ചോദിക്കണമെന്നായിരുന്നു വിഎസിന്റെ മറുപടി. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തുന്നതിലും ഔദ്യോഗിക വസതി, വാഹനം എന്നിവ അനുവദിക്കുന്നതിലെ കാലതാമസത്തിലും അതൃപ്തിയുണ്ടെന്നു വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
അനധികൃത സ്വത്തുസമ്ബാദനത്തിനു മുന്‍മന്ത്രി കെ.ബാബുവിനെതിരെ വിജിലന്‍സ് കേസെടുത്തതിനെക്കുറിച്ചും വിഎസ് പ്രതികരിച്ചു. ബാബുവിനെതിരെ വിജിലന്‍സ് കണ്ടെത്തിയത് നഗ്നമായ അഴിമതിയാണ്.തടിതപ്പാനായി കോണ്‍ഗ്രസ് ന്യായങ്ങള്‍ പറയുകയാണെന്നും വിഎസ് വ്യക്തമാക്കി.ഭരണപരിഷ്കാര കമ്മിഷന്‍ രൂപീകരിച്ച്‌ കഴി‍ഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 31 ജീവനക്കാരെ നിയമിക്കാം, 14 പേരെ അധ്യക്ഷന് നിശ്ചയിക്കാം. അധ്യക്ഷനായ വിഎസ് മുഖ്യമന്ത്രിക്കു നേരിട്ടു റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി.നായര്‍, നീലാ ഗംഗാധരന്‍ എന്നിവരാണ് കമ്മിഷനിലെ മറ്റ് അംഗങ്ങള്‍.