വാളയാർ പീഡനത്തിൽ പോലീസിനെതിരേ രൂക്ഷ വിമർശനവുമായി വി.എസ്.അച്യുതാനന്ദൻ

187

തിരുവനന്തപുരം : വാളയാർ പീഡനത്തിൽ പോലീസിനെതിരേ രൂക്ഷ വിമർശനവുമായി ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ. പ്രതികളുടെ അറസ്റ്റ് വൈകിപ്പിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്ന് വി.എസ് ആവശ്യപ്പെട്ടു. മൂത്ത പെണ്‍കുട്ടിയുടെ മരണം പീഡനം മൂലമെന്നു വാർത്ത വന്നിട്ടും പോലീസ് അലംഭാവം കാണിച്ചു. ഇതാണ് ഇളയ കുട്ടിയുടെ മരണത്തിനു കാരണമായത്. ഈ കുട്ടിയും പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇപ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. ഇതിനെല്ലാം പ്രതികൾക്ക് ഒത്താശ ചെയ്ത പോലീസുകാർക്കെതിരെ കർശന നടപടിയെടുക്കണം – വി.എസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ പാലക്കാട് ശിശുക്ഷേമ സമിതി പുലർത്തിയ നിഷ്ക്രിയത്വത്തെ കുറിച്ചും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട് കഞ്ചിക്കോട് അട്ടപ്പള്ളം ഭാഗ്യവതിയുടെ മകൾ ശരണ്യ (9) യെയാണ് കഴിഞ്ഞദിവസം വൈകിട്ട് വീടിനകത്ത് ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്. പിതാവ് ഷാജിയാണ് തൂങ്ങിമരിച്ച നിലയിൽ ശരണ്യയെ ആദ്യം കാണുന്നത്. ജനുവരി 12ന് ശരണ്യയുടെ ചേച്ചി കൃതിക (14) യെ ഇതേസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ജനുവരിയിൽ മരിച്ച മൂത്തകുട്ടി പല തവണ പീഡനത്തിനിരയായിട്ടുണ്ടെന്ന് മാതാവ് പോലീസിന് മൊഴി നൽകി. അടുത്ത ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇക്കാര്യം ബോധ്യപ്പെട്ടപ്പോൾ ഇയാളെ താക്കീത് ചെയ്തിരുന്നുവെന്നും അമ്മ മൊഴി നൽകിയിട്ടുണ്ട്. മരിച്ച രണ്ടു കുട്ടികളും ലൈംഗീകപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളതായാണ് സൂചന.

NO COMMENTS

LEAVE A REPLY