വിഎസിനെതിരായ പിബി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം ജനുവരിയില്‍

132

ദില്ലി: കേരളത്തിലെ സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രൂപീകരിച്ച പോളിറ്റ് ബ്യൂറോ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍മേലുള്ള അന്തിമ തീരുമാനം ജനുവരിയില്‍ തിരുവനന്തപുരത്ത് ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി കൈക്കൊള്ളും.
വിഎസ് അച്യുതാനന്ദന് എതിരെ അച്ചടക്ക നടപടി വേണോയെന്ന് കേന്ദ്രകമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വിഎസിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി പിബികമ്മീഷന്‍ നടപടികള്‍ അവസാനിപ്പിക്കുമെന്നാണ് സൂചന.
രണ്ടു ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗമാണ് നിശ്ചയിച്ചിരുന്നതെങ്കിലും നാളെ പാര്‍ലമെന്റ് തുടങ്ങുന്നതിനാല്‍ ഒരു ദിവസമായി ചുരുക്കുകയായിരുന്നു. പ്രകാശ് കാരാട്ട് അദ്ധ്യക്ഷനായ കമ്മീഷന്റെ റിപ്പോര്‍ട്ട് പിബി യോഗത്തില്‍ വച്ചു. വിഎസിനെതിരായ പരാതികളില്‍ കഴമ്ബുണ്ടെന്നാണ് കമ്മീഷന്റെ നിഗമനം. എന്നാല്‍ റിപ്പോര്‍ട്ടില്‍ വിഎസിനെതിരെ നടപടിക്ക് ശുപാര്‍ശയില്ല. നടപടി ഒഴിവാക്കണം എന്ന നിലപാടാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്വീകരിച്ചത്. വിശദമായ ചര്‍ച്ച പിബി യോഗത്തിലുണ്ടായില്ല. ജനുവരി 6,7,8 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ തീര്‍പ്പുണ്ടാകും. 5ന് ചേരുന്ന പിബി യോഗം ഇതിനുള്ള ശുപാര്‍ശ തയ്യാറാക്കും. വി എസ് അച്യുതാനന്ദന് പറ്റിയ പിഴവുകള്‍ ചൂണ്ടിക്കാട്ടി വിഷയം അവസാനിപ്പിക്കുമെന്നാണ് സൂചന. നടപടിയിലേക്ക് പോയാല്‍ പാര്‍ട്ടി ഐക്യത്തെ അത് ബാധിക്കുമെന്നാണ് പിബിയിലെ ഭൂരിപക്ഷ അഭിപ്രായം. ഇപി ജയരാ‍ജന്‍ രാജിവയ്ക്കാനിടയായ സാഹചര്യത്തെക്കുറിച്ചും പിബിയില്‍ ചര്‍ച്ചയുണ്ടായില്ല. അച്ചടക്ക നടപടിക്കുള്ള സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശയും ജനുവരിയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗം പരിഗണിക്കും.