പ്രതിപക്ഷ സമരത്തോട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം തെറ്റാണെന്ന് വി.എസ് അച്യുതാനന്ദന്‍

193

സ്വാശ്രയ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സമരം ചെയ്യുന്ന പ്രതിപക്ഷത്തോട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം തെറ്റാണെന്ന് വി.എസ് അച്യുതാനന്ദന്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ എസ്.ബി.ടി-എസ്.ബി.ഐ ലയനത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സര്‍ക്കാറിനെ വിമര്‍ശിച്ച്‌ വി.എസ് അച്യുതാനന്ദന്‍ തന്നെ രംഗത്തെത്തിയത്. എം.എല്‍.എമാരുടെ സമരം സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.കഴിഞ്ഞ അഞ്ചുദിവസമായി നിയമസഭയിക്ക് മുന്നില്‍ തുടരുന്ന പ്രതിപക്ഷ എം.എല്‍.എമാരുടെ സമരത്തെ പൂര്‍ണ്ണമായും അവഗണിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാറും സ്വീകരിച്ചത്. ഇതിനിടെ വി.എസ് അച്യുതാനന്ദന്‍ വെള്ളിയാഴ്ച സമരം ചെയ്യുന്ന എം.എല്‍.എമാരെ സന്ദര്‍ശിച്ചത് പ്രതിപക്ഷത്തിന് ലഭിച്ച വലിയ ആയുധമായിരുന്നു.ഇതിന് പിന്നാലെയാണ് സമരത്തോട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം തെറ്റായിപ്പോയെന്ന് വി.എസ് പ്രതികരിച്ചത്. നിയമസഭയില്‍ സ്വാശ്രയ പ്രശ്നം ഉയര്‍ത്തിയ പ്രതിപക്ഷ എം.എല്‍.എമാരോട് രൂക്ഷമായാണ് മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചത്. ഒരുവേള സമരക്കാരെ മാധ്യമങ്ങളാണ് കൊണ്ടുവരുന്നതെന്നും പിണറായി പറഞ്ഞിരുന്നു.