മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന പിണറായി സര്‍ക്കാരിന്‍റെ നടപടി തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണെന്നു വി.മുരളീധരന്‍

193

തിരുവനന്തപുരം • മാധ്യമങ്ങളുടെ നിര്‍ലോഭമായ സഹകരണത്തോടെ അധികാരത്തിലേറിയശേഷം മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന പിണറായി സര്‍ക്കാരിന്റെ നടപടി തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണെന്നു വി.മുരളീധരന്‍. ജനങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും അകറ്റിനിര്‍ത്തുന്നതിനുള്ള ആദ്യപടിയെന്ന നിലയില്‍, അധികാരത്തിലേറിയ ഉടന്‍തന്നെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വിശദീകരിക്കുന്നത് മുഖ്യമന്ത്രി പൊടുന്നനെ നിര്‍ത്തലാക്കി. പതിറ്റാണ്ടുകളായി നിലനിന്നുപോന്ന ഒരു കീഴ്വഴക്കമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒറ്റയടിക്ക് നിര്‍ത്തലാക്കിയത്.സിപിഎമ്മിന്റെ മുന്‍ മുഖ്യമന്ത്രിമാരായ ഇ.കെ.നായനാര്‍, വി.എസ്.അച്യുതാനന്ദന്‍ എന്നിവരുടെ കാലത്തും പ്രതിവാര ക്യാബിനറ്റ് ബ്രീഫിങ്ങുകള്‍ ഉണ്ടായിരുന്നു.

ആഴ്ചതോറും മന്ത്രിസഭയെടുക്കുന്ന ജനോപകാരപ്രദമായ തീരുമാനങ്ങള്‍ ജനങ്ങളെ മുഖ്യമന്ത്രി നേരിട്ട് അറിയിക്കുക എന്നതായിരുന്നു, മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിതന്നെ മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതിലൂടെ സാധ്യമായിപ്പോന്നത്. ഒപ്പം സമകാലിക രാഷ്ട്രീയം മാധ്യമങ്ങളുമായി സംവദിക്കുകയെന്ന ലക്ഷ്യവും ഇതിലൂടെ നടന്നുപോന്നു. എന്നാല്‍ ജനാധിപത്യത്തെ പരിപോഷിപ്പിക്കുകയും സര്‍ക്കാര്‍- മാധ്യമ സംവാദം സജീവമാക്കുകയും ചെയ്യാന്‍ ഉപകാരപ്പെട്ടുപോന്ന ഈ സമ്ബ്രദായം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒറ്റയടിക്ക് അവസാനിപ്പിച്ചു. ഇപ്പോള്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ ഇ-മെയിലിലൂടെ മാത്രമാണ് മാധ്യമസ്ഥാപനങ്ങളിലെത്തുന്നത്. മന്ത്രിസഭാ തീരുമാനങ്ങളെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും വ്യക്തതവരുത്താനുമുള്ള അവസരമാണ് ഇതിലൂടെ നിഷേധിക്കപ്പെട്ടത്. മന്ത്രിസഭാ തീരുമാനങ്ങള്‍ 48 മണിക്കൂറിനകം വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ വരെ സമീപിച്ചതും മന്ത്രിസഭക്ക് ജനങ്ങളില്‍നിന്ന് എന്തൊക്കയോ മറയ്ക്കാനുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ്.
മാധ്യമങ്ങളും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്നം വഷളാക്കിയതും പ്രശ്നപരിഹാരം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതും മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ മറ്റൊരു ഭാഗമായാണ്. മാധ്യമങ്ങളും അഭിഭാഷകരുമായി കോടതി വളപ്പിലും മറ്റും സംഘര്‍ഷങ്ങള്‍ ഉണ്ടായപ്പോഴെല്ലാം പോലീസ് നോക്കുകുത്തികളായി നില്‍ക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളല്‍ കടന്നുചെന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെട്ടു. കഴിഞ്ഞ ഒന്നരമാസത്തിലധികമായി കേരളത്തിലെ ഹൈക്കോടതി മുതല്‍ സബ് കോടതികള്‍ വരെയുള്ള 400ലധികം കോടതികളില്‍ കടന്നുചെന്ന് കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയാതെ വന്നിരിക്കുകയാണ്. ഫലത്തില്‍ ഈ കോടതികളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കപ്പെടുകയാണ്. സര്‍ക്കാരാണ് ഫലത്തില്‍ ഈ തീരുമാനത്തിന്റെ പ്രധാന ഗുണഭോക്താവ്.
ഇപ്പോള്‍ സെക്രട്ടറിയേറ്റിലേക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കും സ്വതന്ത്രമായി കടന്നുചെല്ലാനുള്ള മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിനുമേലും കടിഞ്ഞാണ്‍ വീണിരിക്കുന്നു. കടുത്ത നിയന്ത്രണങ്ങളിലൂടെ മാത്രമേ ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടറിയേറ്റിലേക്കും മന്ത്രിയാഫീസുകളിലേക്കും കടന്നുചെല്ലാനാകൂ. സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യമാണ് ഇതുവഴി ഹനിക്കപ്പെടുന്നത്.
മാധ്യമങ്ങളും അഭിഭാഷകരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോയി മാധ്യമങ്ങള്‍ക്ക് കോടതികളില്‍ കയറാനുള്ള അവസരം നിഷേധിക്കുന്നതിനു പിന്നില്‍, ലാവലിന്‍ കേസ് ഹൈക്കോടതി പരിഗണിക്കുമ്ബോള്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടാകാന്‍ പാടില്ലെന്ന ലക്ഷ്യം കൂടിയുണ്ടോയെന്ന സംശയവും ഇതിനകം ബലപ്പെട്ടിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിന് കൂലച്ചുവിലങ്ങിടാനുള്ള തീരുമാനം കേരളം പോലുള്ള രാഷ്ട്രീയ പ്രബുദ്ധമായ ഒരു സംസ്ഥാനത്ത് ഒരിക്കലും വിലപ്പോവില്ലെന്ന് പിണറായി സര്‍ക്കാരിനെ അറിയണമെന്നും മുരളീധരന്‍ പറഞ്ഞു

NO COMMENTS

LEAVE A REPLY