കേരളത്തില്‍ ജിഹാദി ഭീകര പ്രവര്‍ത്തനം ശക്തമാക്കിയത് ഇടത് വലത് മുന്നണികള്‍ ചേര്‍ന്നാണെന്ന് വി.മുരളീധരന്‍

194

തിരുവനന്തപുരം : ജിഹാദി ഭീകര പ്രവര്‍ത്തനം കേരളത്തില്‍ ശക്തമാക്കിയത് ഇടത് വലത് മുന്നണികള്‍ ചേര്‍ന്നാണെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരന്‍. സംസ്ഥാനത്തെ ജിഹാദി ഭീകര പ്രവര്‍ത്തനത്തിന് വളക്കൂറുള്ള മണ്ണാക്കി മാറ്റിയത് ഇവരാണെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ പരിമിത സ്ഥാനം മാത്രമുണ്ടായിരുന്ന മുസ്ലീം ലീഗിനെ പ്രധാന സ്ഥാനത്ത് പ്രതിഷ്ഠിച്ചതില്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും ഒരു പോലെ പങ്കുണ്ട്. മലപ്പുറം ജില്ലാ രൂപീകരണവും ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ അഞ്ചാം മന്ത്രിസ്ഥാനവുമൊക്കെ ഇതിനുദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ സി.പി.എം സ്വീകരിക്കുന്ന അസഹിഷ്ണുത മൂലം സ്വതന്ത്ര ചിന്തയ്ക്കും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും ഇടമില്ലാതെയായി. സ്ഥലംമാറ്റം മുതല്‍ രാഷ്ട്രീയ കൊലപാതകം വരെ സി.പി.എം ഭീകരതമൂലം സംഭവിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചുവപ്പ്- ജിഹാദി ഭീകരര്‍ കേരളത്തെ തകര്‍ക്കുകയാണ്. ഈ ഭീഷണികളിലും കേരളത്തിലെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ജനരക്ഷാ യാത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ചുവപ്പ്- ജിഹാദി ഭീകരതയ്ക്കെതിരെ എന്ന് മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടുള്ള യാത്ര ഒക്ടോബര്‍ മൂന്നിന് പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിക്കും. ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം നിര്‍വഹിക്കുന്ന യാത്രയില്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ അടക്കമുള്ള ദേശീയ നേതാക്കള്‍ പങ്കെടുക്കും. യാത്ര ഒക്ടോബര്‍ 17 ന് തിരുവനന്തപുരത്ത് അവസാനിക്കും. സമാപന സമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കുമെന്ന് മുരളീധരന്‍ അറിയിച്ചു.

NO COMMENTS