കൊലക്കേസ് പ്രതിയെ പേഴ്സണല്‍ സ്റ്റാഫില്‍ നിലനിര്‍ത്തുന്ന മേഴ്സിക്കുട്ടിയമ്മ രാജിവയ്ക്കണണം :വി.മുരളീധരന്‍

187

തിരുവനന്തപുരം: കൊലക്കേസ് പ്രതിയെ പേഴ്സണല്‍ സ്റ്റാഫില്‍ നിലനിര്‍ത്തുന്ന മേഴ്സിക്കുട്ടിയമ്മ ഭരണഘടനയേയും നിയമവ്യവസ്ഥയേയും വെല്ലുവിളിക്കുകയാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. കൊലക്കേസ് പ്രതിയെ പേഴ്സണല്‍ സ്റ്റാഫില്‍ നിലനിര്‍ത്തിയിരിക്കുന്ന മേഴ്സിക്കുട്ടിയമ്മ രാജിവെക്കണം. ഇല്ലെങ്കില്‍ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ബി.ജെ.പി തയ്യാറാവുമെന്നും മുരളീധരന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ഐ.എന്‍.ടി.യു.സി. നേതാവായിരുന്ന രാമഭദ്രനെ വീട്ടില്‍കയറി ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണെന്ന് കണ്ടെത്തിയിരിക്കുന്ന മാക്സണാണ് മേഴ്സിക്കുട്ടിയമ്മയുടെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായിട്ടുള്ളത്.

സി.ബി.ഐ. അറസ്റ്റു ചെയ്യുകയും കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തിട്ടും ആ പ്രതിയെ പേഴ്സണല്‍ സ്റ്റാഫില്‍ നിലനിര്‍ത്തുകയും സി.ബി.ഐ. അറസ്റ്റു ചെയ്താല്‍ കുറ്റക്കാരനാവില്ലെന്നു വാദിക്കുകയുമാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ചെയ്യുന്നത്. ഭരണഘടനാ സ്ഥാനത്തിരുന്നുകൊണ്ട് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഭരണഘടനയോടും നിയമവ്യവസ്ഥയോടും വെല്ലുവിളി നടത്തുകയാണ്. മന്ത്രിസ്ഥാനത്തുനിന്നും മേഴ്സിക്കുട്ടിയമ്മ രാജിവയ്ക്കാന്‍ തയാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് പോലീസ് അന്വേഷണവും വിജിലന്‍സ് ക്ലിയറന്‍സും മറ്റെല്ലാ കടമ്ബകളും കടക്കുന്നവരെ മാത്രമേ നിയമിക്കൂ എന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത്. ഒരു വശത്ത് ഇങ്ങനെ പറയുകയും മറുവശത്ത് കുറ്റവാളികളെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കുകയും ചെയ്യുന്നത് സി.പി.എമ്മിന്റെ പൂര്‍ണ പിന്തുണയോടെയും മുഖ്യമന്ത്രിയുടെ അറിവോടെയുമാണെന്നും മുരളീധരന്‍ ചോദിച്ചു.

NO COMMENTS

LEAVE A REPLY