കെ.ബാബുവിനെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തെക്കുറിച്ചു തന്‍റെ അഭിപ്രായം യുഡിഎഫ് യോഗത്തില്‍ അറിയിച്ചെന്ന്

171

കാസര്‍കോട് • മുന്‍ മന്ത്രി കെ.ബാബുവിനെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തെക്കുറിച്ചു തന്റെ അഭിപ്രായം യുഡിഎഫ് യോഗത്തില്‍ അറിയിച്ചിട്ടുണ്ടെന്നും ഇൗ വിഷയത്തില്‍ പാര്‍ട്ടി സമഗ്രമായി ചര്‍ച്ച നടത്തി നിലപാട് അറിയിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തിപരമല്ല. അത് കോണ്‍ഗ്രസിന്റെ നയത്തിന്റെ ഭാഗമാണ്. ബാബുവിന്റെ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ശരിയായ വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിനും അണികള്‍ക്കും തെല്ലും ആശങ്കയില്ല. കെ.എം. മാണിയുമായി യുഡിഎഫ് നേതൃത്വം ചര്‍ച്ച നടത്തുന്ന കാര്യം ഇതുവരെ അജണ്ടയിലില്ല. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനമെടുത്തത് അവരുടെ പാര്‍ട്ടിക്കാര്യമാണ്.ഇത് യുഡിഎഫിനെ ബാധിക്കുകയില്ല.ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ ബഹുമാനിക്കുന്നുവെന്ന് അവകാശപ്പെടുന്ന പിണറായി സര്‍ക്കാര്‍ മറുവശത്ത് ഗുരു ഏറ്റവും കൂടുതല്‍ എതിര്‍ത്ത മദ്യ വില്‍പനയേയും ഉപഭോഗത്തെയും പ്രോല്‍സാഹിപ്പിക്കുകയാണ്. ഇതു ഗുരുനിന്ദയാണ്. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന് ജനങ്ങള്‍ അംഗീകരിച്ച മദ്യനയം മദ്യലോബികള്‍ക്കു വേണ്ടി അട്ടിമറിക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്. മദ്യത്തിന്റെ ഉപഭോഗം വര്‍ധിക്കുന്നുവെന്നു വരുത്തി തീര്‍ക്കാന്‍ ആസൂത്രിത ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നു.ഒാണക്കാലത്ത് വിലകുറഞ്ഞ മദ്യം ഏറെ ആവശ്യമുണ്ടെന്ന് അറിയിച്ച്‌ ബവ്റിജസ് കോര്‍പറേഷന്‍ സര്‍ക്കാരിനു കത്തു നല്‍കിയത് ഇതിന്റെ ഭാഗമാണ്. മദ്യവില്‍പന കുറഞ്ഞതോടെ ടൂറിസം രംഗം പ്രതിസന്ധിയിലായെന്നു വകുപ്പുമന്ത്രി തന്നെ പറയുന്നതു നിലവിലുള്ള മദ്യനയത്തെ അട്ടിമറിക്കാനാണ്. മദ്യനയം സംബന്ധിച്ചു ജനങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്താന്‍ സര്‍ക്കാര്‍ തയാറാകണം.സംസ്ഥാനത്തു റെയില്‍വേ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനു സര്‍ക്കാരിന്റയും സംസ്ഥാനത്തെ എംപിമാരുടെയും നേതൃത്വത്തില്‍ റെയില്‍വേ മന്ത്രിയുമായി അടിയന്തരമായി ചര്‍ച്ച നടത്തണമെന്നും വി.എം. സുധീരന്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY