സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ എല്‍ഡിഎഫുമായി സഹകരിച്ചു സമരത്തിനില്ലെന്നു വി.എം.സുധീരന്‍

165

തിരുവനന്തപുരം• സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ എല്‍ഡിഎഫുമായി സഹകരിച്ചു സമരത്തിനില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. കോണ്‍ഗ്രസിന് സമരം ചെയ്യാന്‍ ആരുടേയും ഔദാര്യം വേണ്ട. സിപിഎമ്മിനും ബിജെപിക്കും എതിരായാണു സമരമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫുമായി സംയുക്ത സമരമില്ലെന്നു സുധീരന്‍ നേരത്തെയും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ മുസ്‍ലിം ലീഗും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആഞ്ഞടിക്കുകയും ചെയ്തു. സഹകരണ മേഖലയിലുള്ളവര്‍ ആദ്യം ഒന്നിച്ചു സമരം ചെയ്യുമെന്നും മുന്നണികള്‍ ഒന്നിച്ചുള്ള സമരം പിന്നീടാണെന്നുമാണ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. എന്നാല്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്ന സംഘത്തില്‍ ചേരാമെന്നാണ് സുധീരന്റെ നിലപാട്. എന്നാല്‍ നോട്ട് അസാധുവാക്കിയത് ജനങ്ങളെ ആകെ ബാധിച്ച പ്രശ്നമാണെന്നും ഒന്നിച്ചുനീങ്ങാനാണു ലീഗിന്റെ തീരുമാനമെന്നും പി.കെ.കുഞ്ഞാലിക്കുട്ടിയും അറിയിച്ചു. ഞങ്ങളും ഒരു പാര്‍ട്ടിയാണ്. ഞങ്ങള്‍ക്കും തീരുമാനങ്ങളെടുക്കേണ്ടിവരും. പിന്നോട്ടു പോകുന്ന പ്രശ്നമില്ല. അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അതു പരസ്യമാക്കി വഷളാക്കണോയെന്നും അദ്ദേഹം യുഡിഎഫ് യോഗത്തില്‍ ചോദിച്ചിരുന്നു.