ശ്രീനാരായണഗുരു സ്വാമികളെ ‘ഹിന്ദുസന്യാസി’ ആക്കിയ ബി.ജെ.പി. നടപടി തികഞ്ഞ ഗുരുനിന്ദ : വി.എം.സുധീരന്‍

186

ഒരു നൂറ്റാണ്ട് മുമ്പുതന്നെ ‘നമുക്ക് ജാതിയില്ല’ എന്ന വിളമ്പരം നടത്തിയ ശ്രീനാരായണഗുരു സ്വാമികളെ ‘ഹിന്ദുസന്യാസി’ ആക്കി മുദ്രകുത്താനുള്ള ബി.ജെ.പി.യുടെ നീക്കം തികഞ്ഞ ഗുരുനിന്ദയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.’ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്ന് അരുവിപ്പുറത്ത് എഴുതിവച്ച ഗുരുവിന്റെ ആശയങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും ഘടകവിരുദ്ധമായ ആശയങ്ങളും നിലപാടുകളുമാണ് ബി.ജെ.പി. വച്ചുപുലര്‍ത്തിവരുന്നത്. മനുഷ്യന്റെ ജാതി മനുഷ്യത്വമാണന്ന് വിശ്വസിച്ച വിശ്വഗുരുവാണ് ശ്രീനാരായണ ഗുരുസ്വാമികള്‍. മനുഷ്യനും, മനുഷ്യത്വത്തിനുമാണ് ഗുരു പ്രാധാന്യം നല്‍കിയത്.ജനങ്ങളെ വര്‍ഗ്ഗീയമായി ഭിന്നിപ്പിക്കാനും ഇഷ്ടമില്ലാത്തവരെ ഉന്മൂലനം ചെയ്യാനും മടിക്കാത്ത വര്‍ഗ്ഗീയഫാസിസ്റ്റ് പ്രസ്ഥാനമായ ബി.ജെ.പിക്ക് ശ്രീനാരായണഗുരുവിന്റെ പേര് ഉച്ചരിക്കാനുള്ള അര്‍ഹതയില്ല.കേരളീയര്‍ ഒരുമയോടെ ആഘോഷിച്ചുവരുന്ന ഓണത്തിന് ദുര്‍വ്യാഖ്യാനം നല്‍കിയ ബി.ജെ.പി.യുടെ വര്‍ഗ്ഗീയ അജണ്ടതന്നെയാണ് ഗുരുജയന്തിവേളയിലും പ്രകടമാകുന്നത്.പ്രബുദ്ധരായ ജനങ്ങള്‍ ബി.ജെ.പി. ഭാഷ്യത്തെ പുച്ഛത്തോടെതന്നെ തള്ളിക്കളയുമെന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല എന്നും സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY