നിരാഹാര സമരം : വി.എസിന്‍റെ പ്രതികരണം സ്വാഭാവികവും ന്യായവും: വി.എം.സുധീരന്‍

171

തിരുവനന്തപുരം: വി.എസിന്റേത് സ്വാഭാവികവും ന്യായവുമായ പ്രതികരണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ന്യായമായി ചിന്തിക്കുന്നവര്‍ക്ക് വി.എസിന്റെ നിലപാടേ സ്വീകരിക്കാന്‍ സാധിക്കൂ. കേരളീയ സമൂഹത്തിന്റെ പൊതുതാല്‍പര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.നിയമസഭയ്ക്ക് മുന്നിലെ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിമടങ്ങവെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. പ്രതിപക്ഷം ഉയര്‍ത്തി പിടിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണ്. ജനാധിപത്യ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ട ക്രിയാത്മക സമീപനം വിഷയത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുണ്ടായില്ല. അസഹിഷ്ണുതയോടെ ആണ് സര്‍ക്കാര്‍ സമരത്തെ കാണുന്നത്.ഗാന്ധിജിയുടെ ആദര്‍ശങ്ങളെ ആദരിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ സഹിഷ്ണുതയുടെ സന്ദേശം ഉള്‍ക്കൊണ്ട്് ഗാന്ധിജയന്തി ദിനത്തിലെങ്കിലും സ്വയം തിരുത്താന്‍ തയ്യാറാകണമെന്നും സുധീരന്‍ പറഞ്ഞു.തലവരിപ്പണം വിഷയത്തില്‍ സര്‍ക്കാറിന്റെ വാദം തെറ്റെന്ന് ചൂണ്ടിക്കാട്ടുന്ന തെളിവുകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. വിഷയത്തെ ന്യായമായി കാണുന്നവര്‍ പ്രശ്‌നം പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.