അധികാരശക്തി കൊണ്ട് ജനങ്ങളെ അടിച്ചമര്‍ത്താമെന്ന് ഭരണാധികാരികള്‍ വ്യാമോഹിക്കരുത് : വി.എം.സുധീരന്‍

220

കൊച്ചി: പുതുവൈപ്പിലെ പോലീസ് അതിക്രമത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. നന്ദിഗ്രാമില്‍നിന്ന് ഭരണാധികാരികള്‍ ഇതേവരെ പാഠം പഠിച്ചില്ലെന്നും ജനശക്തിക്കു മുന്നില്‍ അധികാര ശക്തിക്കു മുട്ടുമടക്കേണ്ടി വരുമെന്നും സുധീരന്‍ പറഞ്ഞു. പുതുവൈപ്പിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ(ഐഒസി) നിര്‍ദിഷ്ട പാചകവാതക സംഭരണ കേന്ദ്രത്തിനെതിരേ സമരം ചെയ്തവര്‍ക്കു നേരെ രണ്ടു തവണയും പോലീസ് നടത്തിയത് മൃഗീയമായ ലാത്തിച്ചാര്‍ജാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കുറ്റപ്പെടുത്തിയിരുന്നു. നിര്‍ദിഷ്ട പാചകവാതക സംഭരണ കേന്ദ്രത്തിനെതിരേ സമരം ചെയ്തവരെയാണ് പോലീസ് തല്ലിച്ചതച്ചത്. താത്കാലികമായി നിര്‍ത്തിവച്ചിരുന്ന എല്‍പിജി ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ പ്രദേശത്തു സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. സമരവുമായെത്തിയ നാട്ടുകാര്‍ക്കു നേരേ പതിനൊന്നോടെ പോലീസ് അതിക്രമം അഴിച്ചുവിട്ടു. കണ്ണില്‍ക്കണ്ടവരെയെല്ലാം പോലീസ് തല്ലിച്ചതച്ചു. പോലീസ് മര്‍ദനത്തില്‍ സത്രീകളടക്കം നിരവധിപ്പേര്‍ക്കു പരിക്കേറ്റു. നൂറ്റിമുപ്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പരിക്കേറ്റു ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന ഒരാളുടെ തലയ്ക്കു സാരമായി മുറിവേറ്റിട്ടുണ്ട്.

NO COMMENTS