പ്രതികള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ എത്തിയത് പോലീസ് സംവിധാനത്തിലെ പാളിച്ചയാണ് വ്യക്തമാക്കുന്നതെന്ന് വി.എം.സുധീരന്‍

170

ചലച്ചിത്രനടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളെ പിടികൂടാനായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തുമ്പോഴുംപ്രതികള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ എത്തിയത് പോലീസ് സംവിധാനത്തിലെ പാളിച്ചയാണ് വ്യക്തമാക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. പ്രതികളെ പിടിക്കാന്‍ സകലവിധ പോലീസ് സംവിധാനങ്ങളും നീക്കങ്ങള്‍ നടത്തുമ്പോള്‍തന്നെ പ്രതികള്‍ക്ക് സൈ്വര്യവിഹാരം നടത്താന്‍ സാധിച്ചത് പോലീസിന്റെ വീഴ്ചയായി മാത്രമേ കാണാനാകൂ.
കോടതിയില്‍ കീഴടങ്ങാനായി പ്രതികള്‍ എത്തിയപ്പോഴെങ്കിലും അവരെ പിടികൂടാനായത് ആശ്വാസകരമാണെങ്കിലും സര്‍ക്കാരോ പോലീസ് ഉന്നതരോ ഇക്കാര്യത്തില്‍ മേനി പറയുന്നതില്‍ അര്‍ത്ഥമില്ല. ഏതായാലും ഈ കീഴടങ്ങല്‍ ശ്രമവും പിടികൂടലും അതിന്റെ പിന്നാമ്പുറങ്ങളും ഗൗരവമായി ഉന്നതതലത്തില്‍ തന്നെ വിലയിരുത്തപ്പെടേണ്ടതാണ്. ഇനിയെങ്കിലും സമഗ്രമായ അന്വേഷണത്തിലൂടെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരാനും കുറ്റവാളികള്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പുവരുത്തുന്നതിനും പോലീസിന് സാധിക്കണം.

ക്രമസമാധാന പാലനത്തില്‍ കേരളത്തില്‍ ആശങ്കാജനകമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളും ഗുണ്ടാക്വട്ടേഷന്‍മാഫിയ സംഘങ്ങളുടേയും പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ച് വരുന്നു. എറണാകുളത്ത് മുളവുകാട് 3 വയസുകാരിയെ പീഡിപ്പിച്ചത് ഞെട്ടലോടെയാണ് ഏവരും അറിയുന്നത്. തിരുവനന്തപുരത്ത് 7 വയസുകാരിയും അതിക്രമത്തിന് ഇരയായി. കോട്ടയത്ത് എസ്.എം.ഇ കോളേജില്‍ ലക്ഷ്മി എന്ന വിദ്യാര്‍ത്ഥിനിയെ പെട്രോളൊഴിച്ച് ചുട്ടുകരിച്ച സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന് കേരളം ഇതുവരെ വിമുക്തമായിട്ടില്ല. കേറളത്തില്‍ നടന്നുവരുന്ന അതിക്രമപരമ്പരകളില്‍ ചിലത് മാത്രമാണിത്. ക്രമസമാധാന തകര്‍ച്ചയ്ക്കും സ്ത്രീസുരക്ഷ ഇല്ലാതാക്കിയതിലും ഉത്തരവാദിയായ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസിന്റെ സമരം മുന്നോട്ട് കൊണ്ടുപോകും അതിന്റെ ഭാഗമായി ഫെബ്രുവരി 25 ന് കൊച്ചി രാജേന്ദ്ര മൈതാനത്ത് ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ രാവിലെ 9 മണി മുതല്‍ പി.ടി. തോമസ് എം.എല്‍. എ 24 മണിക്കൂര്‍ ഉപവാസം നടത്തും. അന്നേദിവസം വൈകുന്നേരം 5 മണിക്ക് എറണാകുളം ഡി.സി.സിയുടെ നേതൃത്വത്തില്‍ സ്ത്രീ സംരക്ഷണസംഗമം സംഘടിപ്പിക്കും. മാര്‍ച്ച് 8 ന് വനിതാ ദിനത്തില്‍ പഞ്ചായത്ത്,നഗരസഭാ തലത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും സുധീരന്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY