ലോ അക്കാഡമി മാനേജ്‌മെന്റും എസ്.എഫ് .ഐയും തമ്മിലുണ്ടാക്കിയ ധാരണ സി.പി.എമ്മിന്‍റെ കള്ളക്കളിയുടെ ഭാഗം : വി.എം.സുധീരന്‍

177

പേരൂര്‍ക്കട ലോ അക്കാഡമി ലോ കോളേജിലെ എസ്.എഫ് .ഐയും മാനേജ്‌മെന്റും തമ്മിലുണ്ടാക്കിയ ധാരണ സി.പി.എമ്മിന്റെ കള്ളക്കളിയുടെ ഭാഗമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. വിദ്യാര്‍ത്ഥി താല്‍പ്പര്യത്തേക്കാള്‍ കോളേജ് മാനേജ്‌മെന്റിന്റെ താല്‍പ്പര്യത്തിന് പ്രധാന്യം നല്‍കിയ സി.പി.എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി വഞ്ചനയാണിത്. സി.പി.എം. നേതൃത്വം നല്‍കുന്ന ഇടതുമുന്നണി വിദ്യര്‍ത്ഥികളെ പീഡിപ്പിക്കുന്ന മാനേജ്‌മെന്റിന്റെ സംരക്ഷകരായി മാറിയെന്നും സുധീരന്‍ പറഞ്ഞു. തുടക്കം മുതല്‍ സമര രംഗത്തുണ്ടായിരുന്ന കെ.എസ്.യു ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളെ ഒഴിവാക്കി എസ്.എഫ്.ഐയും കോളേജ് മനേജ്‌മെന്റും തമ്മിലുണ്ടാക്കിയത് ഒരു ‘സ്വകാര്യ ഡീല്‍’ മാത്രമാണ്. അതിന് നിയമസാധ്യതയില്ലെന്നും ഇതിനെ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി എതിര്‍ത്തിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വട്ടിയൂര്‍ക്കാവ് മണ്ഡലം എം.എല്‍.എ കൂടിയായ കെ.മുരളീധരന്‍ ഫെബ്രുവരി 2 മുതല്‍ നിരാഹാര സമരം നടത്തുമെന്നും സുധീരന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരത്തിനും അതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ.മുരളീധരന്‍ നടത്തുന്ന നിരാഹാര സമരത്തിനും കോണ്‍ഗ്രസിന്റെ പൂര്‍ണ്ണപിന്തുണ ഉണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു.

ലക്ഷമിനായര്‍ക്ക് കോളേജ് പ്രിന്‍സിപ്പളായി തുടരാന്‍ നിയമപരമായി അര്‍ഹതയില്ല. യൂണിവേഴ്‌സിറ്റി ചട്ടപ്രകാരം ചുമതല ഏറ്റ് മൂന്ന് മാസത്തിനകം പ്രിന്‍സിപ്പാളിന് സര്‍വ്വകലാശാല അംഗീകാരം നല്‍കണം. ലക്ഷമീനായര്‍ക്ക് അങ്ങനെ സര്‍വ്വകലാശാല അംഗീകാരം നല്‍കിയിട്ടില്ല. ഈ വിഷയം ചൂണ്ടിക്കാട്ടി ലക്ഷിമി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് യൂണിവേഴ്‌സിറ്റിയോട് ആവശ്യപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രോ ചാന്‍സിലറായ വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു.
ലോ അക്കാഡമിയിടെ ഭൂമിപ്രശ്‌നം സമഗ്രമായി അന്വേഷിച്ച് യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത് കൊണ്ടുവരണം. ഇതുസംബന്ധിച്ച് റവന്യൂവകുപ്പ് നടത്തുന്ന അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും സുധീരന്‍ പറഞ്ഞു. ബി.ജെ.പി ജില്ലയില്‍ നാളെ നടത്തുന്ന ഹര്‍ത്താല്‍ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതും അവര്‍ അത് ഒഴിവാക്കേണ്ടതായിരുന്നെന്നും സുധീരന്‍ പറഞ്ഞു. പാമ്പാടി നെഹറുകോളേജില്‍ മരണപ്പെട്ട വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മാതാവ് മഹിജ നല്‍കിയ കത്തില്‍ സത്വര നടപടി സ്വീകരിച്ചെന്നാണ് മുഖ്യമന്ത്രി ഫെയ്‌സ് ബുക്കിലൂടെ പ്രതികരിച്ചത് എന്നാല്‍ ഫലപ്രദമായ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും സുധീരന്‍ ആരോപിച്ചു. ജിഷ്ണുവിന്റെ മാതാവ് ഉന്നയിച്ച സംശയങ്ങളും ആശങ്കകളും സംബന്ധിച്ച് സമഗ്രവും സത്യസന്ധവും കാര്യക്ഷമവുമായ അന്വേഷണം നടത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്നും സുധീരന്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY