മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത് ഓരോ ഭാരതീയനും അഭിമാനകരമാണെന്ന് വി.എം. സുധീരന്‍

236

സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സേവനത്തിന്റെയും പുണ്യവെളിച്ചമായ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത് ഓരോ ഭാരതീയനും അഭിമാനകരമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ലോകത്തിന് മുഴുവന്‍ കാരുണ്യത്തിന്റെ തണലായിരുന്ന മദര്‍ തെരേസ പരമദരിദ്രരുടേയും വിശക്കുന്നവരുടേയും രോഗങ്ങളാല്‍ വലഞ്ഞ അശരണരുടേയും ആലംബഹീനരുടെയും അഭയകേന്ദ്രമായിരുന്നു.
ജാതി-മത ചിന്തകള്‍ക്ക് അതീതമായി എല്ലാവിരിലേക്കും സ്‌നേഹത്തിന്റെ മഹത്വം എത്തിക്കുന്നതിനായി ത്യാഗനിര്‍ഭരം പ്രയത്‌നിച്ച മാതൃകാ മഹിളാരത്‌നമായിരുന്നു മദര്‍ തെരേസ.
ദുരിതവും വേദനയും അവഗണനയും അനുഭവിച്ച് അശരണരിലേക്ക് തന്റെ ശ്രദ്ധ കേന്ദ്രീകരിച്ച അമ്മ അവരുടെ സഹായത്തിനും ഉന്നമനത്തിനുമായി ജീവിതം സ്വയം സമര്‍പ്പിച്ച വ്യക്തിപ്രഭാവമാണ്.
ദീനാനുകമ്പയുടേയും സ്‌നേഹത്തിന്റെയും പ്രചാരകയായിരുന്ന അഗതികളുടെ അമ്മയെ നോബല്‍ സമ്മാനവും, ഭാരതരത്‌നവും ഉള്‍പ്പടെയുള്ള പുരസ്‌കാരങ്ങള്‍ നല്‍കി ലോകം ആദരിച്ചു.
കരുണയുടെ മാലാഖയായ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ഈ മഹനീയ നിമിഷം നമുക്കെല്ലാവര്‍ക്കും അഭിമാനവും സന്തോഷവും ഊര്‍ജ്ജവും നല്‍കുന്നു. അമ്മയുടെ ജീവിതസന്ദേശം നേര്‍വഴിയിലൂടെ മുന്നോട്ടുപോകാന്‍ ലോകത്തിനു വഴികാണിക്കട്ടെയെന്നും സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിച്ചു.

NO COMMENTS

LEAVE A REPLY