റബ്ബര്‍ വിലതകര്‍ച്ച ; പ്രധാനമന്ത്രിയുടെ വാഗ്ദാനത്തിന് പുല്ലുവില-വി.എം.സുധീരന്‍

160

അതീവ വില തകര്‍ച്ചമൂലം ദുരിതം അനുഭവിക്കുന്ന റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കുമെന്ന പ്രധാനമന്ത്രിയുടെ സര്‍വ്വവാഗ്ദാനങ്ങളും തുടര്‍ച്ചയായി കേന്ദ്രസര്‍ക്കാര്‍ ലംഘിച്ച് കൊണ്ടിരിക്കുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.ഇറക്കുമതി നിര്‍ത്തി വയ്ക്കുക, വിലസ്ഥിരതാ ഫണ്ടില്‍ നിന്നും കേരളത്തിന് 500 കോടി രൂപയെങ്കിലും അനുവദിക്കുക, റബ്ബര്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തിരുവ ഏര്‍പ്പെടുത്തുക, റബ്ബര്‍ ബോര്‍ഡ് നല്‍കിവന്നിരുന്ന സബ്ബ്‌സിഡി കൃത്യമായി ലഭ്യമാക്കുക,കര്‍ഷകര്‍ക്ക് സഹായകരമായ റബ്ബര്‍ ബോര്‍ഡ് പദ്ധതികള്‍ തുടര്‍ന്നും നടപ്പിലാക്കുക, ടയര്‍ കമ്പനികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ കര്‍ഷക താല്‍പ്പര്യം സംരക്ഷിക്കുക, വിദേശ രാജ്യങ്ങളുമായി ഉണ്ടാക്കിയ പുതിയ കര്‍ഷകദ്രോഹ കരാറുകള്‍ റദ്ദാക്കുക തുടങ്ങി കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ നിഷ്‌ക്കരുണം തള്ളിക്കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കുത്തക ടയര്‍ കമ്പനികളുടെ സമ്മര്‍ദ്ദത്തിന് പൂര്‍ണ്ണമായും വിധേയരായിരിക്കുകയാണ്.കേരളത്തിന്റെ സമ്പദ്ഘടനയെ തീര്‍ത്തും തകര്‍ക്കുന്ന ഇത്ര ഗുരുതരമായ പ്രശ്‌നത്തില്‍പോലും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന കര്‍ഷക ദ്രോഹനിലപാടില്‍ നിന്നും പിന്തിരിയണം. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരത്തിലുള്ള സമീപനം കാരണം റബ്ബര്‍വില താഴോട്ട് പോകുന്ന അവസ്ഥ തുടരുകയാണ്. ഇനിയെങ്കിലും റബ്ബറിന്റെ വിലയിടിവ് തടയുന്നതിന് കേരളം ആവശ്യപ്പെട്ട നടപടി സര്‍ക്കാര്‍ സ്വീകരിച്ച് കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധിയില്‍ നിന്നും അവരെ രക്ഷിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY