മകളുടെ മൃതദേഹം കൊണ്ടുപോകാന്‍ വാഹനത്തിനായി, യാചനയുമായി പിതാവ് തെരുവില്‍

209

ലാഖിംപൂര്‍ (ഉത്തര്‍പ്രദേശ്) • ആംബുലന്‍സ് കിട്ടാതെ ഒരു ദിവസം രാത്രി മുഴുവന്‍ മകളുടെ മൃതദേഹം മടിയിലേന്തി ആശുപത്രിക്കുമുന്നില്‍ ഒരമ്മ കഴിഞ്ഞതിന്റെ ഓര്‍മകള്‍ മായും മുന്‍പേ ഹൃദയഭേദകമായ മറ്റൊരു സംഭവം കൂടി. മകളുടെ മൃതദേഹം കൊണ്ടുപോകാന്‍ വാഹനം നല്‍കണമെന്നാവശ്യപ്പെട്ട് പിതാവ് യാചിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ലാഖിംപൂരില്‍നിന്നാണ് ഈ കാഴ്ച.പതിനാലുകാരിയായ പെണ്‍കുട്ടിയെ കടുത്ത പനിയെത്തുടര്‍ന്നാണ് മിട്ടൗലിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനെത്തുടര്‍ന്ന് അവിടെനിന്നും ലാഖിംപൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചു.അവിടെവച്ച്‌ കുട്ടി മരിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭിച്ചില്ല. മറ്റേതെങ്കിലും വാഹനം ഏര്‍പ്പെടുത്തിത്തരണമെന്ന് കുട്ടിയുടെ പിതാവ് രമേശ് പലരോടും ആവശ്യപ്പെട്ടെങ്കിലും ആരും ചെവികൊണ്ടില്ല.ഒടുവില്‍ മകളുടെ മൃതദേഹവുമായി ആശുപത്രിക്കു മുന്നിലെ ഫുട്പാത്തില്‍ ചെന്നിരുന്ന് വഴിയാത്രക്കാരോട് യാചിച്ചു. ഇതിന്റെ ചിത്രം ആരോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തായത്. അതേസമയം, കുട്ടിയുടെ പിതാവ് ആംബുലന്‍സ് ആവശ്യപ്പെട്ട് ആശുപത്രി അധികൃതരെ സമീപിച്ചിട്ടില്ലെന്നായിരുന്നു ചീഫ് ഡവലപ്മെന്റ് ഓഫിസറുടെ പ്രതികരണം.

NO COMMENTS

LEAVE A REPLY